അഡോബിയുടെ സി.ഇ.ഒ ആയി അനിൽ ചക്രവർത്തി ചുമതലയേൽക്കും

 

യു.എസ് ടെക് ഭീമനായ അഡോബിയുടെ (Adobe) പ്രസിഡന്റും സി.ഇ.ഒയുമായി ഇന്ത്യൻ വംശജനായ അനിൽ ചക്രവർത്തിയെ പ്രഖ്യാപിച്ചു. 18 വർഷമായി കമ്പനിയെ നയിച്ച ശന്തനു നാരായൺ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് ഈ മാറ്റം. നിലവിൽ അഡോബിയുടെ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കസ്ട്രേഷൻ വിഭാഗം പ്രസിഡന്റായ അനിൽ ചക്രവർത്തി 2026 ഡിസംബർ 1-ന് ഔദ്യോഗികമായി ചുമതലയേൽക്കും.

ഐ.ഐ.ടി വാരാണസിയിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയ അനിൽ, എം.ഐ.ടിയിൽ (MIT) നിന്നാണ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും കരസ്ഥമാക്കിയത്. 2020-ൽ ഡിജിറ്റൽ എക്സ്പീരിയൻസ് വിഭാഗത്തിന്റെ ജനറൽ മാനേജരായി അഡോബിയിലെത്തിയ അദ്ദേഹം പിന്നീട് ആഗോള തലത്തിലെ ഫീൽഡ് ഓപ്പറേഷൻസ് ചുമതലയും വഹിച്ചിട്ടുണ്ട്.

നിർമിത ബുദ്ധി (AI) മേഖലയിൽ കടുത്ത മത്സരം നിലനിൽക്കുന്ന സമയത്താണ് അനിൽ അഡോബിയുടെ അമരത്തെത്തുന്നത്. അഡോബിയുടെ ഭാവിസാധ്യതകൾ അനന്തമാണെന്നും വിപണിയിലെ പുതിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ അനിലിന് സാധിക്കുമെന്നും ശന്തനു നാരായൺ പ്രതികരിച്ചു.