വാർഷിക വരുമാനം 35 കോടി; ലോകത്തെ ഒന്നാമത്തെ എഐ ചാനലായി ഇന്ത്യയുടെ ബന്ദർ അപ്നാ ദേസ്ത്

 

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാനലായി ഇന്ത്യയിൽ നിന്നുള്ള 'ബന്ദർ അപ്നാ ദേസ്ത്' (Bandar Apna Desh) മാറി. ഒരു കുരങ്ങിന്റെ എഐ മോഡൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിലൂടെ ഈ ചാനൽ പ്രതിവർഷം 35 കോടി രൂപയാണ് വരുമാനം നേടുന്നത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന 'എഐ സ്ലോപ്പ്' (AI Slop) ചാനൽ കൂടിയാണിത്.

അസം സ്വദേശിയായ സുരജിത്ത് കർമകർ 2020-ൽ ആരംഭിച്ച ഈ ചാനൽ ഇതുവരെ 2.4 ബില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. എഐ ടൂളുകൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന, കൃത്യമായ കഥയോ അർത്ഥമോ ഇല്ലാത്ത കുറഞ്ഞ നിലവാരമുള്ള വീഡിയോകളെയാണ് 'എഐ സ്ലോപ്പ്' എന്ന് വിളിക്കുന്നത്. ഉള്ളടക്കം ആവർത്തന സ്വഭാവമുള്ളതാണെങ്കിലും വളരെ വേഗത്തിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കാൻ ഈ വീഡിയോകൾക്ക് സാധിക്കുന്നുണ്ട്.

പ്രശസ്ത വീഡിയോ എഡിറ്റിംഗ് പ്ലാറ്റ്‌ഫോമായ 'കാപ്വിങ്' (Kapwing) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. ലോകത്തിലെ 15,000 ചാനലുകൾ പരിശോധിച്ചതിൽ 278 എണ്ണം പൂർണ്ണമായും എഐ നിർമ്മിതമാണെന്ന് കണ്ടെത്തി. മികച്ച ക്വാളിറ്റിയുള്ള കണ്ടന്റുകൾ നിർമ്മിക്കുന്നവർക്ക് പോലും ലഭിക്കാത്ത അത്രയും വലിയ സ്വീകാര്യതയാണ് കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന ഇത്തരം എഐ വീഡിയോകൾക്ക് ലഭിക്കുന്നത്. ഡിജിറ്റൽ ലോകത്ത് എഐ വിപ്ലവം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമായി ഈ ചാനൽ മാറിയിരിക്കുകയാണ്.