പ്രതിരോധ രംഗത്ത് മറ്റൊരു നാഴികക്കല്ല്; 'ഖഗാന്തക്-243' ദീർഘദൂര ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ച് വ്യോമസേന

 

ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരിധിയിൽ പെടാതെ ബഹുദൂരം അകലെനിന്ന് കൃത്യമായി ലക്ഷ്യം തകർക്കാൻ ശേഷിയുള്ള 'ഖഗാന്തക്-243' ദീർഘദൂര പ്രിസിഷൻ ഗൈഡഡ് ഗ്ലൈഡ് ബോംബ് ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആയുധത്തിന്റെ വിക്ഷേപണ പരീക്ഷണം എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കിയതായും, ഇത് വ്യോമസേനയ്ക്കും തദ്ദേശീയ പ്രതിരോധ മേഖലയ്ക്കും അഭിമാനകരമായ നാഴികക്കല്ലാണെന്നും സേന ഔദ്യോഗികമായി അറിയിച്ചു.

300 കിലോഗ്രാം വിഭാഗത്തിൽപ്പെട്ട ഈ ഗ്ലൈഡ് ബോംബിന് എയറോഡൈനാമിക് ചിറകുകൾ ഉപയോഗിച്ച് വായുവിൽ തെന്നിനീങ്ങാനും വഴിയിൽ ദിശകൾ ക്രമീകരിക്കാനും കഴിയും. 12,000 മീറ്റർ (40,000 അടി) ഉയരത്തിൽ നിന്ന് തൊടുത്തുവിട്ടാൽ 140 കിലോമീറ്ററിലധികം അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ഇതിന് പറന്നെത്താനാകും. ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റവും സാറ്റലൈറ്റ് നാവിഗേഷനും സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. സുഖോയ് പോർവിമാനങ്ങളിൽ ഇവ ഘടിപ്പിക്കാം. ശത്രു റഡാറുകളുടെയും മിസൈലുകളുടെയും പരിധിക്ക് പുറത്തുനിന്ന് സുരക്ഷിതമായി ബോംബ് വിക്ഷേപിക്കാൻ വിമാനങ്ങൾക്ക് സാധിക്കുമെന്നതാണ് സ്റ്റാൻഡ്-ഓഫ് ആയുധങ്ങളുടെ പ്രധാന സവിശേഷത.

സ്വകാര്യ പ്രതിരോധ നിർമ്മാണ കമ്പനിയായ ജെ.എസ്.ആർ ഡൈനാമിക്സും പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) സംയുക്തമായാണ് ഖഗാന്തക്-243 വികസിപ്പിച്ചത്. സ്വന്തമായി എഞ്ചിനുകളോ ഇന്ധനമോ ഇല്ലാത്തതിനാൽ മിസൈലുകളെ അപേക്ഷിച്ച് ഉൽപ്പാദനച്ചെലവ് വളരെ കുറവാണ്. കൂടുതൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഖഗാന്തക്-243 ഉടൻ തന്നെ സേനയുടെ ഭാഗമാക്കും.