ജീൻ രോഗ ഗവേഷണത്തിൽ വിപ്ലവത്തിനൊരുങ്ങി ആന്ത്രോപിക്; എഐ സാങ്കേതികവിദ്യ സൗജന്യമായി നൽകും

 

അമൂല്യവും സങ്കീർണ്ണവുമായ ജനിതക രോഗ പഠനങ്ങൾ വേഗത്തിലാക്കാൻ മുന്നിട്ടിറങ്ങി മുൻനിര എഐ സ്ഥാപനമായ ആന്ത്രോപിക് (Anthropic). തങ്ങളുടെ 'എഐ ഫോർ സയൻസ്' (AI for Science) സംരംഭത്തിലൂടെ അപൂർവ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്ക് സഹായകരമാകുന്ന പുതിയ പദ്ധതി കമ്പനി പ്രഖ്യാപിച്ചു.

പണമായി നേരിട്ട് സാമ്പത്തിക സഹായം നൽകുന്നതിന് പകരം, തങ്ങളുടെ ഏറ്റവും മികച്ച എഐ മോഡലുകൾ പ്രവർത്തിപ്പിക്കാനുള്ള 'ക്ലോഡ് യൂസേജ് ക്രെഡിറ്റു'കളാണ് (Claude Usage Credits) ആന്ത്രോപിക് ഗവേഷകർക്ക് ലഭ്യമാക്കുന്നത്. അർഹരായ ശാസ്ത്രജ്ഞർക്കും സ്ഥാപനങ്ങൾക്കും ആറുമാസത്തേക്ക് 50,000 ഡോളർ (ഏകദേശം 43 ലക്ഷം രൂപ) മൂല്യമുള്ള ക്ലോഡ് ക്രെഡിറ്റ് ലഭിക്കും. എഐ ടോക്കൺ ഉപയോഗത്തിന് ഭാരിച്ച തുക ചെലവാകുമെന്ന ആശങ്കയില്ലാതെ, ശാസ്ത്രീയ വിവര വിശകലനം നടത്താനും മെഡിക്കൽ രേഖകൾ പരിശോധിക്കാനും എഐ അധിഷ്ഠിത ഗവേഷണ ഉപകരണങ്ങൾ വികസിപ്പിക്കാനും ഇത് വഴിയൊരുക്കും.

നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്തി ശാസ്ത്രമേഖലയിലെ പഠനങ്ങൾ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ ദൗത്യത്തിലെ പ്രധാന ചുവടുവെപ്പാണിത്. ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ജീൻ വൈകല്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നിലവിൽ തികച്ചും പരിമിതമാണ്. 40 ലക്ഷത്തിലധികം ആളുകൾ അപൂർവ രോഗങ്ങളാൽ വലയുമ്പോഴും, ഇവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലായ്മയും പഠനങ്ങളിലെ മന്ദഗതിയും ചികിത്സ കണ്ടെത്തുന്നത് വൈകിപ്പിക്കുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുകയാണ് എഐ പിന്തുണയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

രണ്ട് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ഈ ദൗത്യം പ്രവർത്തിക്കുന്നത്:

  • ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും: രോഗങ്ങളുടെ ജീവശാസ്ത്രപരമായ വികാസവും കാരണങ്ങളും പഠിക്കുന്നവർക്ക്.

  • ബയോടെക് സ്ഥാപനങ്ങൾക്കും വിദഗ്ധർക്കും: പുതിയ ഔഷധങ്ങളും പ്രതിവിധികളും വികസിപ്പിക്കുന്നവർക്ക്.

തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്ക് ആന്ത്രോപിക്കിന്റെ അത്യാധുനിക മോഡലായ 'ക്ലോഡ് ഓപ്പസ്' (Claude Opus) ഉൾപ്പെടെ സൌജന്യമായി ഉപയോഗിക്കാം.