ഇന്ത്യൻ വിപണിയിൽ ചരിത്ര കുതിപ്പുമായി ആപ്പിൾ; വാർഷിക വരുമാനം ആദ്യമായി ഒരു ലക്ഷം കോടി രൂപ പിന്നിട്ടു

 

ഇന്ത്യയിലെ ബിസിനസ് ചരിത്രത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ടെക് ഭീമനായ ആപ്പിൾ. ആപ്പിളിന്റെ ഇന്ത്യയിലെ വാർഷിക പ്രവർത്തന വരുമാനം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. കമ്പനി ഫയലിങ് വിവരങ്ങൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയുടെ വരുമാനം 31 ശതമാനം വർധിച്ച് 1,03,853 കോടി രൂപയായാണ് ഉയർന്നത്. മുൻവർഷമിത് 79,060 കോടി രൂപയായിരുന്നു.

വരുമാനത്തിനൊപ്പം അറ്റാദായത്തിലും വലിയ കുതിച്ചുചാട്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. മുൻവർഷത്തെ 3,196 കോടി രൂപയിൽ നിന്ന് 66 ശതമാനം വർധനവോടെ അറ്റാദായം 5,311 കോടി രൂപയിലെത്തി. ഐഫോണുകൾക്കായുള്ള ആവശ്യക്കാരുടെ വർധനവും, രാജ്യമൊട്ടാകെ പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറന്നതുമാണ് ഈ കൂറ്റൻ നേട്ടത്തിന് കാരണമായത്. ഒപ്പം എളുപ്പത്തിലുള്ള ഫിനാൻസിങ്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ സാധാരണ ഉപഭോക്താക്കളെയും ആപ്പിളിലേക്ക് ആകർഷിച്ചു.

രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി പൊതുവെ മന്ദഗതിയിലാണെങ്കിലും പ്രീമിയം സ്മാർട്ട്ഫോണുകളിലേക്ക് ആളുകൾ മാറിയത് ആപ്പിളിന് വൻ മേധാവിത്വം നൽകി. പ്രധാന എതിരാളിയായ സാംസങ്ങിന്റെ മൊബൈൽ വരുമാനത്തിൽ നേരിയ ഇടിവുണ്ടായപ്പോൾ, പ്രീമിയം സെഗ്‌മെന്റിൽ ആപ്പിൾ കരുത്തു തെളിയിച്ചു. അമേരിക്കയ്ക്കും ചൈനയ്ക്കും പുറമെ ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ടതും അതിവേഗം വളരുന്നതുമായ വിപണിയായി ഇന്ത്യ മാറിയെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ചരിത്രപരമായ സാമ്പത്തിക മുന്നേറ്റം.