ഐഫോൺ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ആപ്പിൾ; കേസ് സെറ്റിൽമെന്റിന് അപേക്ഷകൾ ക്ഷണിച്ചു
സിരി, ആപ്പിൾ ഇന്റലിജൻസ് എഐ ഫീച്ചറുകൾ വൈകിയതുമായി ബന്ധപ്പെട്ട കേസിൽ 250 ദശലക്ഷം ഡോളറിന്റെ സെറ്റിൽമെന്റിന് ആപ്പിൾ ധാരണയായി. ഐഫോൺ 16 സീരീസ് അവതരിപ്പിച്ചപ്പോൾ വാഗ്ദാനം ചെയ്ത ഫീച്ചറുകൾ വൈകിയതിനെതിരെ ഉപയോക്താക്കൾ നൽകിയ പരാതിയിലാണ് നടപടി. കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി അർഹരായ ഓരോ ഉപയോക്താവിനും 25 ഡോളർ മുതൽ പരമാവധി 95 ഡോളർ (ഏകദേശം 10,000 രൂപ) വരെ നഷ്ടപരിഹാരമായി ലഭിക്കും.
2024 ജൂൺ 10-നും 2025 മാർച്ച് 29-നും ഇടയിൽ സ്വന്തം ആവശ്യത്തിനായി ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് അല്ലെങ്കിൽ ഐഫോൺ 16 സീരീസ് ഫോണുകൾ വാങ്ങിയവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. അമേരിക്കയിലുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സെറ്റിൽമെന്റ് ബാധകമാകുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
അർഹരായ ഉപയോക്താക്കൾക്ക് SmartphoneAISettlement.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങൾ നൽകി അപേക്ഷിക്കാം. 2026 ഡിസംബർ 21 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.