ആപ്പിളിന്റെ പുതിയ എഐ 'സിറി' ഉടൻ എത്തും; ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ ഫീച്ചർ

 

ആപ്പിൾ ഫോണുകളിലെ വോയ്‌സ് അസിസ്റ്റന്റായ 'സിറി'യെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ കൂടുതൽ മെച്ചപ്പെടുത്താൻ ആപ്പിൾ ഒരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഡബ്ല്യുഡബ്ല്യുഡിസി 2026 (WWDC 2026) വേദിയിൽ അവതരിപ്പിക്കുന്ന ഐഒഎസ് 27-ന് (iOS 27) ഒപ്പമായിരിക്കും പുതിയ സിരി എത്തുക. എന്നാൽ തുടക്കത്തിൽ ഇതൊരു പരീക്ഷണ പതിപ്പായി (Beta Version) മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ മുൻഗണന നൽകിയാണ് ആപ്പിൾ പുതിയ സിരി തയ്യാറാക്കുന്നത്. സിരിയുമായി നടത്തുന്ന സംഭാഷണങ്ങൾ തനിയെ ഇല്ലാതാകുന്ന 'ഓട്ടോ ഡിലീറ്റിങ് ചാറ്റ്' ഫീച്ചർ ഇതിലുണ്ടാകും. ചാറ്റ് ജിപിടിയും ജെമിനിയും ഉപയോക്താക്കളുടെ ചാറ്റ് വിവരങ്ങൾ സൂക്ഷിച്ചുവെക്കുമ്പോൾ, ആപ്പിൾ അത് ഉടൻ തന്നെ മായ്ച്ചുകളഞ്ഞ് കൂടുതൽ സുരക്ഷ ഉറപ്പാക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ഇതുകൂടാതെ കഴിഞ്ഞ വർഷം ആപ്പിൾ അവതരിപ്പിച്ച എഐ ഇമോജി ഫീച്ചറായ 'ജെൻമോജി'യും (Genmoji) കൂടുതൽ മാറ്റങ്ങളോടെ ഈ അപ്ഡേറ്റിൽ മെച്ചപ്പെടുത്തുന്നുണ്ട്. നിലവിൽ ഗൂഗിൾ ജെമിനിയും ചാറ്റ് ജിപിടിയും വിപണിയിൽ വൻ മുന്നേറ്റം നടത്തുന്നതിനാൽ, അടുത്ത മാസം പുറത്തിറങ്ങുന്ന ഈ പുതിയ അപ്ഡേറ്റ് ആപ്പിളിനെ സംബന്ധിച്ച് വളരെ നിർണായകമാണ്.