ചന്ദ്രനെ ചുറ്റി ചരിത്രം കുറിച്ച് ആർട്ടെമിസ് II മടക്കയാത്ര ആരംഭിച്ചു; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടം സ്വന്തം

 

ചന്ദ്രനെ വലംവെച്ച് മനുഷ്യർ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രയ്ക്ക് ശേഷം ആർട്ടെമിസ് II ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്‌, ജെർമി ഹാൻസൻ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് 54 വർഷം പഴക്കമുള്ള റെക്കോർഡുകൾ തകർത്ത് ചരിത്രം കുറിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 4.04 ലക്ഷം കിലോമീറ്റർ അകലെ വരെ എത്തിയ ഇവർ, ചന്ദ്രന്റെ ഉപരിതലത്തിന് 6,550 കിലോമീറ്റർ അടുത്തുവരെ സഞ്ചരിച്ചു. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച ദൂരപരിധിയെക്കാൾ 6,602 കിലോമീറ്റർ അധികമാണിത്.

ചന്ദ്രന്റെ മറുപുറത്തുകൂടി (Far side of the Moon) യാത്ര ചെയ്ത സംഘം, പർവ്വതങ്ങളും ലാവകളും നിറഞ്ഞ ഒറിയന്റൽ ഗർത്തമേഖല നേരിട്ട് കാണുന്ന ആദ്യത്തെ മനുഷ്യരെന്ന നേട്ടവും സ്വന്തമാക്കി. ചന്ദ്രന്റെ മറുപുറത്ത് എത്തിയപ്പോൾ ഏകദേശം 40 മിനിറ്റോളം നാസയുമായുള്ള ആശയവിനിമയം നിലച്ചിരുന്നുവെങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കി പേടകം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. വെള്ളിയാഴ്ച പസഫിക് സമുദ്രത്തിൽ സാൻ ഡീഗോ തീരത്തിന് സമീപം പാരച്യൂട്ടുകളുടെ സഹായത്തോടെ ഒറിയോൺ പേടകം ലാൻഡ് ചെയ്യും.

ബഹിരാകാശ സഞ്ചാരികൾ പേടകത്തിനുള്ളിലിരുന്ന് ഭൂമിയുടെ ഉദയവും അസ്തമനവും സൂര്യഗ്രഹണവും ദർശിച്ചു. ആർട്ടെമിസ് II-ന്റെ ഈ വിജയം 2027-ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിന് വലിയ കരുത്താകും. അടുത്ത ദൗത്യത്തിൽ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്താനൊരുങ്ങുന്നതിന്റെ ആദ്യഘട്ടം ഇതോടെ വിജയകരമായി പൂർത്തിയാവുകയാണ്.