'വാട്‌സ്ആപ്പിൽ ജനനത്തീയതി ചോദിക്കുന്നു'; ഇന്ത്യയിൽ പ്രായപരിധി നിയന്ത്രണം വരുന്നുവോ?
ഇന്ത്യയിൽ ചില വാട്‌സ്ആപ്പ് ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ ആപ്പിലൂടെ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ. ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രായപരിധി പരിശോധന നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. ടെക് ടിപ്സ്റ്ററായ അഭിഷേക് യാദവാണ് ഇത് സംബന്ധിച്ച സ്‌ക്രീൻഷോട്ട് പുറത്തുവിട്ടത്. 'ഇന്ത്യൻ സർക്കാരിന്റെ വരാനിരിക്കുന്ന നിയമങ്ങൾ അനുസരിച്ച്' പ്രായപരിധി ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് ആപ്പിലെ സന്ദേശത്തിൽ വ്യക്തമാക്കുന്നത്.
എന്നാൽ, കേന്ദ്ര സർക്കാരോ വാട്‌സ്ആപ്പോ പ്രായപരിധി പരിശോധന നിർബന്ധമാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രാദേശിക നിയമങ്ങൾ പാലിക്കുക, കുട്ടികൾക്ക് സുരക്ഷിതമായ ഫീച്ചറുകൾ ക്രമീകരിക്കുക, മെറ്റാ എ.ഐ ഫീച്ചറുകളും പരസ്യങ്ങളും പ്രായത്തിനനുസരിച്ച് പ്രദർശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി വാട്‌സ്ആപ്പ് മുൻപും ഉപയോക്താക്കളുടെ ജനനത്തീയതി ചോദിച്ചിട്ടുണ്ട്.
ആപ്പിൽ നൽകുന്ന ജനനത്തീയതി മറ്റ് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കില്ല. ലോകമെമ്പാടും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും ഇത്തരമൊരു ചർച്ച ശക്തമാകുന്നത്.