ഡ്രൈവിങ് ടെസ്റ്റ് ഇനി എളുപ്പമാകും; ഓട്ടോമാറ്റിക്ക് വാഹനങ്ങളും ടെസ്റ്റിന് ഉപയോഗിക്കാം 

 

ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനില്‍ ഉള്ള വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഇനി മുതൽ ഡ്രൈവിങ് ലൈസന്‍സിനുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കാമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. വാഹനത്തിന്റെ എന്‍ജിന്‍ ട്രാന്‍സ്മിഷന്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സിന് വേണ്ടി പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടർന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം ഡ്രൈവിങ് ടെസ്റ്റിനുള്ള ബുദ്ധിമുട്ടുകള്‍ ഇനി മുതൽ കുറയും. 

അതേസമയം ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ച് ലൈസൻസ് നേടിയാലും ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കുന്നതില്‍ തടസ്സമുണ്ടാവില്ല. 7500 കിലോഗ്രാമില്‍ താഴെ ഭാരമുള്ള കാറുകള്‍ മുതല്‍ ട്രാവലര്‍ വരെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് നേടുന്നതിനാണ് ഈ ഉത്തരവ് ബാധകമാകുക. മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഔട്ട് ഗിയര്‍ എന്നീ രണ്ടുതരം ലൈസന്സുകളാണ് ഇരുചക്ര വാഹനങ്ങള്‍ക്കുള്ളത്. 

2019-ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഓട്ടോമാറ്റിക്കോ മാന്വല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലായം അറിയിച്ചിരുന്നു. എന്നാൽ കേരളം നിയമത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതുസംബന്ധിച്ച് ഒരു നിര്‍ദേശവും പുറപ്പെടുവിക്കാതിരുന്നതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങള്‍ ലൈസന്‍സ് ടെസ്റ്റിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഇതിനിടെ കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ നിലവിലുള്ള മാനദണ്ഡങ്ങളില്‍ പഠിതാവിന്റെ ഗിയര്‍ഷിഫ്റ്റ് രീതികളെ വിലയിരുത്തേണ്ടതിനാൽ കൃത്യമായ നിര്‍ദേശങ്ങള്‍ ഇല്ലാതെ ഏങ്ങനെ ടെസ്റ്റിങ് രീതിയില്‍ മാറ്റംവരുത്തുമെന്ന്  മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായിരുന്നു.