കുട്ടികളുടെ സൈബർ സുരക്ഷ: ജാഗ്രതാ നിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
പഠനത്തിനും വിനോദത്തിനുമായി കുട്ടികൾ ഇന്റർനെറ്റിൽ ചെലവഴിക്കുന്ന സമയം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷാ നിർദ്ദേശങ്ങളുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സ്‌പേസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റാണ് ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ഡിവൈസുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രൈവസി സെറ്റിംഗുകൾ സജീവമാക്കാനും, പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം കുട്ടികൾ കാണുന്നുണ്ടെന്ന് ഉറപ്പാക്കാൻ പാരന്റൽ കൺട്രോൾ ഫീച്ചറുകൾ ഉപയോഗിക്കാനും മന്ത്രാലയം നിർദ്ദേശിക്കുന്നു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്നിവയിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകണം. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകളെയും ഗെയിമുകളെയും കുറിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഇതോടൊപ്പം, കുട്ടികളിൽ സുരക്ഷാ അവബോധം വളർത്താനായി ജനപ്രിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ 'റോബ്‌ലോക്‌സ്' (Roblox) വഴി 'ടുഗെതർ' ഡിജിറ്റൽ സമ്മർ പ്രോഗ്രാമിനും മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സുരക്ഷിതമായ ഒരു ഡിജിറ്റൽ അന്തരീക്ഷം ഒരുക്കാനാകൂ എന്ന് അധികൃതർ ഓർമ്മിപ്പിച്ചു.