എ.ഐ ഇന്നൊവേഷനിൽ ഏഷ്യയിൽ രണ്ടാമതായി ബംഗളൂരു; ആഗോള പട്ടികയിൽ ആദ്യ പത്തിലും ഇടംനേടി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇന്നൊവേഷനിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ബംഗളൂരു നഗരം. ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് 2026-ലാണ് ഈ പുതിയ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രകടനം, ഗവേഷണം എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലോകത്തിലെ ആദ്യ 10 നഗരങ്ങളുടെ പട്ടികയിലും ബംഗളൂരു ഇടംപിടിച്ചു. ആഗോള സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം സൂചികയിൽ മൊത്തത്തിൽ പതിനഞ്ചാം സ്ഥാനത്താണ് ഈ ഇന്ത്യൻ ഐ.ടി നഗരം.
152.8 ബില്യൺ യു.എസ് ഡോളറിന്റെ എക്കോസിസ്റ്റം മൂല്യമാണ് നിലവിൽ ബംഗളൂരുവിനുള്ളത്. പാരീസിൽ വെച്ചുനടന്ന വിവടെക് കോൺഫറൻസിൽ സ്റ്റാർട്ടപ്പ് ജീനോമുമായി സഹകരിച്ച് കർണാടക ഡിജിറ്റൽ എക്കോണമി മിഷനാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയിലാകെ നടക്കുന്ന എ.ഐ സ്റ്റാർട്ടപ്പ് ഫണ്ടിങ്ങിന്റെ 58 ശതമാനവും കർണാടകയിലേക്കാണ് എത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എ.ഐ കേന്ദ്രീകൃത സ്റ്റാർട്ടപ്പുകളുടെ വികസനത്തിൽ ഏഷ്യയിൽ ചൈനയിലെ ബീജിങ്ങാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ബംഗളൂരു 2021-2025 കാലയളവിൽ മാത്രം വെഞ്ച്വർ ഫണ്ടിങ്ങിലൂടെ 39 ബില്യൺ യു.എസ് ഡോളറാണ് സമാഹരിച്ചത്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ഗവേഷണ മികവിൽ ലോകത്ത് ആദ്യ 30-ൽ ആയിരുന്ന ബംഗളൂരു, ഇത്തവണ പേറ്റന്റ്, ഗവേഷണ പുരോഗതികളിലൂടെ ആദ്യ പത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. ബംഗളൂരു ഇനി വെറുമൊരു സ്റ്റാർട്ടപ്പ് തലസ്ഥാനം മാത്രമല്ലെന്നും, ആഗോളതലത്തിൽ ഡീപ്‌ടെക് - എ.ഐ ഇന്നൊവേഷൻ ഹബ്ബായി മാറിയെന്നും കർണാടക ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു.