ജാഗ്രത, ഈ 3 സ്ക്രീൻ ഷെയറിങ് ആപ്പുകൾ അപകടം; ഫോണിൽ നിന്ന് നീക്കം ചെയ്യാൻ സർക്കാർ മുന്നറിയിപ്പ്
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഫോണിലെ സ്ക്രീൻ ഷെയറിങ് ആപ്പുകളെക്കുറിച്ച് കേന്ദ്ര സർക്കാർ കർശന മുന്നറിയിപ്പ് നൽകി. സ്ക്രീൻ ഷെയറിങ് ആപ്പുകൾ വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിങ് രേഖകളും സൈബർ ക്രിമിനലുകൾ ചോർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ഇന്ത്യൻ സൈബർ നിയമം 14c പ്രകാരം സുരക്ഷാ ഭീഷണി ഉയർത്തുന്ന ചില സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷനുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. എനി ഡെസ്ക് (AnyDesk), ടീം വ്യൂവർ (TeamViewer), ക്വിക്ക് സപ്പോർട്ട് (QuickSupport) എന്നീ ആപ്പുകളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇത്തരം ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കാൻ എളുപ്പമാകും.
ബാങ്ക് ഉദ്യോഗസ്ഥരോ കസ്റ്റമർ കെയർ പ്രതിനിധികളോ ചമഞ്ഞ് ഫോണിലേക്ക് വിളിക്കുന്ന തട്ടിപ്പുകാർ, സാങ്കേതിക സഹായത്തിനെന്ന പേരിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. നിങ്ങൾ സ്ക്രീൻ ഷെയർ ചെയ്യുന്ന നിമിഷം മുതൽ നിങ്ങളുടെ ബാങ്കിങ് ഇടപാടുകൾ നിരീക്ഷിക്കാനും ഒടിപി, പാസ്‌വേഡ് എന്നിവ ചോർത്തി അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാനും അവർക്ക് സാധിക്കും. ഉപയോക്താവ് അറിയാതെ തന്നെ പണം നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു.
സ്മാർട്ട് ഫോൺ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
അത്യാവശ്യമില്ലാത്ത പക്ഷം ഒരു സ്ക്രീൻ ഷെയറിങ് ആപ്പും ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അവ ചോദിക്കുന്ന പെർമിഷനുകൾ കൃത്യമായി പരിശോധിക്കുക. അപരിചിതർക്ക് യാതൊരു കാരണവശാലും ഒടിപിയോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുത്. എന്തെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ നാഷണൽ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ൽ വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴി പരാതിപ്പെടുകയോ ചെയ്യുക.