വരുന്നു ബ്രെസ്സയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ്
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനകീയ മോഡലായ ബ്രെസ്സ വിപണിയില്‍ ഇറങ്ങിയിട്ട് പത്തുവര്‍ഷം തികഞ്ഞിരിക്കുകയാണ്. 2016 മാര്‍ച്ചിലാണ് ഇത് ലോഞ്ച് ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, രണ്ട് തലമുറകളിലായി 14 ലക്ഷത്തിലധികം ബ്രെസ്സ കാറുകളുടെ വില്‍പ്പനയാണ് നടന്നത്. വില്‍പ്പനയില്‍ ഉണ്ടായ മുന്നേറ്റം മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ എസ് യുവികളില്‍ ഒന്നാക്കി ഇതിനെ മാറ്റി.
ഇപ്പോള്‍, എസ്യുവി അതിന്റെ പത്താം വര്‍ഷത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ വരും മാസങ്ങളില്‍ നിലവിലെ മോഡലിന്റെ മിഡ്-സൈക്കിള്‍ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും ബമ്പറും, പുതിയ അലോയ് വീലുകളും, ഒരുപക്ഷേ പുതിയ കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടെ സ്റ്റൈലില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയാവും പുതിയ മോഡല്‍ അവതരിപ്പിക്കുക. ഇന്റീരിയര്‍ അപ്ഡേറ്റുകള്‍ക്കും സാധ്യതയുണ്ട്. കൂടാതെ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എസ് യുവി വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. പുതിയ ഫീച്ചറുകള്‍, പവര്‍ട്രെയിന്‍ അപ്ഡേറ്റുകള്‍, ഔദ്യോഗിക ലോഞ്ച് ടൈംലൈന്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.