കുട്ടികൾക്ക് ചാറ്റ്ജിപിടി അപകടകരം; ഓപ്പൺ എഐക്കും സിഇഒ സാം ആൾട്ട്മാനും എതിരെ കടുത്ത നിയമനടപടിയുമായി ഫ്ലോറിഡ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളെയും ഉപയോക്താക്കളെയും തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രമുഖ എഐ കമ്പനിയായ ഓപ്പൺ എഐക്കും (OpenAI) അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) സാം ആൾട്ട്മാനുമെതിരെ അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡ നിയമനടപടി സ്വീകരിച്ചു. എഐ സുരക്ഷയുമായി ബന്ധപ്പെട്ട് ഓപ്പൺ എഐ കമ്പനിക്കെതിരെ ഒരു സംസ്ഥാന സർക്കാർ നേരിട്ട് നിയമനടപടി സ്വീകരിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്.
യുവാക്കളെ അടിമകളാക്കുന്നു; അക്രമങ്ങൾക്ക് വഴിതുറക്കുന്നു
ചാറ്റ്ജിപിടി പ്ലാറ്റ്‌ഫോം കുട്ടികൾക്ക് അതീവ ദോഷകരമായ വിവരങ്ങൾ, സ്കൂൾ ആക്രമണങ്ങൾ നടത്താനുള്ള മാർഗ്ഗരേഖകൾ, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ എന്നിവ നൽകുന്നുവെന്നും, യുവാക്കളെ ഈ സാങ്കേതികവിദ്യയ്ക്ക് അടിമകളാക്കി മാറ്റുന്നുവെന്നും ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മയർ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഫ്ലോറിഡ സ്റ്റേറ്റ് കോടതിയിലാണ് ഒൗദ്യോഗികമായി കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ മാരകമായ വെടിവെപ്പിലും, അമേരിക്കയിലെ മറ്റ് പല സംസ്ഥാനങ്ങളിലും നടന്ന സമാനമായ സായുധ ആക്രമണങ്ങളിലും ചാറ്റ്ജിപിടിയുടെ പങ്ക് വ്യക്തമാണെന്ന് അറ്റോർണി ജനറൽ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ആക്രമണം നടത്തിയ പ്രതികൾ കൃത്യം ആസൂത്രണം ചെയ്യാൻ ചാറ്റ്ജിപിടിയുടെ സഹായം തേടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദോഷകരമായ ഫീച്ചറുകൾ പ്ലാറ്റ്‌ഫോമിൽ നിലനിർത്തുന്നതിൽ സിഇഒ സാം ആൾട്ട്മാന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതിനാലാണ് അദ്ദേഹത്തെക്കൂടി കേസിൽ വ്യക്തിപരമായി പ്രതിചേർത്തതെന്നും ഉത്‌മയർ വ്യക്തമാക്കി.
കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ
കേസിന്റെ ഭാഗമായി കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി ഈടാക്കണമെന്നും, പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി കമ്പനിയുടെ നിലവിലെ പ്രവർത്തനരീതികളിൽ വലിയ മാറ്റം വരുത്തണമെന്നുമാണ് ഫ്ലോറിഡ സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വെടിവെപ്പുമായി ബന്ധപ്പെട്ട് ചാറ്റ്ജിപിടിയുടെ കൃത്യമായ പങ്ക് അന്വേഷിക്കാൻ അറ്റോർണി ജനറൽ പ്രത്യേക ക്രിമിനൽ ഉത്തരവിട്ടിരുന്നു.
പ്രതിരോധവുമായി ഓപ്പൺ എഐ; ആഗോളതലത്തിൽ പ്രതിസന്ധി
അതേസമയം, അക്രമത്തിനോ സ്വയംഭോഗത്തിനോ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിർദേശങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിനെതിരെ തങ്ങളുടെ എഐ മോഡലുകളെ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് ഓപ്പൺ എ.ഐയുടെ വാദം. ആർക്കെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പ്ലാറ്റ്‌ഫോമിലൂടെ മനസ്സിലാക്കിയാൽ അടിയന്തിരമായി നിയമപാലകരെ വിവരമറിയിക്കാറുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ, ഫ്ലോറിഡ സർക്കാർ സ്വീകരിച്ച ഈ പുതിയ നിയമനടപടിയോട് കമ്പനി വക്താക്കൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആത്മഹത്യ, കടുത്ത മാനസിക രോഗങ്ങൾ, അക്രമവാസന എന്നിവയ്ക്ക് എഐ ചാറ്റ്ബോട്ടുകൾ കാരണമാകുന്നുവെന്നാരോപിച്ച് ആഗോളതലത്തിൽ ഓപ്പൺ എഐക്കെതിരെ ഇപ്പോൾ നിരവധി കേസുകളാണ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്ലോറിഡയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും കമ്പനിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന് പുറമെ കാനഡയിലുണ്ടായ ഒരു കൂട്ടക്കൊലയുമായി ബന്ധപ്പെട്ടും ഓപ്പൺ എഐക്കും സാം ആൾട്ട്മാനുമെതിരെ ഇരകളുടെ കുടുംബാംഗങ്ങൾ കേസ് നൽകിയിരുന്നു. കാനഡയിലെ ആക്രമണം നടക്കുന്നതിന് എട്ടുമാസം മുമ്പ് തന്നെ അതിന്റെ ആസൂത്രണ വിവരങ്ങൾ കമ്പനി അറിഞ്ഞിരുന്നിട്ടും പൊലീസിനെ അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.