ChatGPT പ്രോംപ്റ്റുകൾ സ്വകാര്യമല്ല; ചാറ്റുകൾ വായിക്കാൻ കരാർ ജീവനക്കാരെ നിയോഗിച്ച് ഓപ്പൺഎഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ChatGPT-യിൽ ഉപയോക്താക്കൾ നൽകുന്ന പ്രോംപ്റ്റുകൾ അതീവ രഹസ്യമല്ലെന്നും ഇവ അവലോകനം ചെയ്യാൻ നൂറുകണക്കിന് കരാർ ജീവനക്കാരെ OpenAI നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്. '404 മീഡിയ' പുറത്തുവിട്ട വിവരങ്ങൾ OpenAI സ്ഥിരീകരിച്ചു. 'പ്രോജക്റ്റ് ലില്ലി' (Project Lilly) എന്ന രഹസ്യ കോഡ് നാമത്തിലാണ് ഈ പ്രോംപ്റ്റ് റിവ്യൂ പദ്ധതി പ്രവർത്തിക്കുന്നത്.
തേർഡ് പാർട്ടി ഏജൻസികൾ വഴി മണിക്കൂറിന് 50 ഡോളറിലധികം നൽകിയാണ് പുറത്തുനിന്നുള്ള റിവ്യൂവർമാരെ കമ്പനി നിയമിച്ചിരിക്കുന്നത്. ചാറ്റ്‌ബോട്ടിന്റെ മറുപടികൾ കൂടുതൽ സ്വാഭാവികവും മനുഷ്യസമാനവുമാക്കുക, റോബോട്ടിക് സ്വഭാവം കുറയ്ക്കുക, ഉപയോക്താക്കളെ അമിതമായി പുകഴ്ത്തുന്നത് തടയുക എന്നിവയാണ് ഈ ജീവനക്കാരുടെ പ്രധാന ചുമതല. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്താണ് പ്രോംപ്റ്റുകൾ നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, സെൻസിറ്റീവ് വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് അവർ സമ്മതിക്കുന്നു.
മോഡൽ പരിശീലനത്തിനായി ചാറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ChatGPT സെറ്റിങ്സിലെ 'ഡാറ്റാ കൺട്രോൾസ്' (Data Controls) വിഭാഗത്തിൽ നിന്ന് 'Improve the model for everyone' എന്ന ഓപ്ഷൻ ഓഫാക്കി വെക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു.