ചാറ്റിങ് കൂടുതൽ സുരക്ഷിതമാക്കാം; എക്സ് പ്ലാറ്റ്‌ഫോമിൽ 'എക്സ് നമ്പർ' ഫീച്ചർ എത്തി
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് എക്സ് പ്ലാറ്റ്‌ഫോം പുതിയ ഫീച്ചർ പുറത്തിറക്കി. സ്വന്തം ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ എക്സ് ചാറ്റ് വഴി സന്ദേശങ്ങൾ അയക്കുന്നതിനും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യുന്നതിനും സഹായിക്കുന്ന 'എക്സ് നമ്പർ' സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പേരിൽ 'നമ്പർ' എന്നുണ്ടെങ്കിലും ഇതൊരു ഫോൺ നമ്പറല്ല. മറിച്ച് ഉപയോക്താക്കൾക്ക് തന്നെ നിർമ്മിച്ചെടുക്കാവുന്ന ഒരു പ്രൈവറ്റ് ആക്സസ് കോഡാണ്. പരസ്പരം ഫോളോ ചെയ്യാത്ത അക്കൗണ്ടുകൾ തമ്മിലും, ഇൻബോക്സ് ക്ലോസ് ചെയ്തു വെച്ചിരിക്കുന്നവർക്കും ഈ എക്സ് നമ്പർ ഉപയോഗിച്ച് ബന്ധപ്പെടാൻ സാധിക്കും.
സാധാരണ അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങൾ മെസ്സേജ് റിക്വസ്റ്റുകളായാണ് ലഭിക്കാറുള്ളതെങ്കിൽ, എക്സ് നമ്പർ വഴിയുള്ള സന്ദേശങ്ങൾ നേരിട്ട് ഇൻബോക്സിലേക്ക് എത്തും. ഉപയോക്താവിന് ഈ കോഡ് ഏതുസമയത്തും മാറ്റാനോ പൂർണ്ണമായി ഓഫാക്കാനോ ഉള്ള സൗകര്യമുണ്ട്. കോഡ് മാറ്റിക്കഴിഞ്ഞാൽ പഴയ കോഡ് ഉള്ളവർക്ക് തുടർന്ന് മെസ്സേജ് അയക്കാൻ കഴിയില്ല. മുമ്പ് മെസ്സേജ് അയച്ചിട്ടുള്ളവർക്ക് നിങ്ങളുടെ എക്സ് നമ്പർ കാണാൻ സാധിക്കും. ഇത് ഒഴിവാക്കാൻ സെറ്റിംഗ്സിൽ 'Hide from others' എന്ന ഓപ്ഷനും ലഭ്യമാണ്.
എക്സ് നമ്പർ ക്രമീകരിക്കുന്ന വിധം:
- എക്സ് ആപ്പിലെ ചാറ്റ് ഓപ്പൺ ചെയ്യുക
- ആവശ്യപ്പെടുകയാണെങ്കിൽ ചാറ്റ് പിൻ നൽകുക
- ഇൻബോക്സ് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് 'നമ്പർ' എന്നത് തിരഞ്ഞെടുക്കുക
- ഇവിടെ നിന്ന് കോഡ് എനേബിൾ ചെയ്യാനും പങ്കുവെക്കാനും സാധിക്കും
ചൈനയിലെ വിചാറ്റ് മാതൃകയിൽ എക്സിനെ ഒരു 'എവരിതിംഗ് ആപ്പ്' ആയി മാറ്റാനുള്ള ഇലോൺ മാസ്കിന്റെ പ്ലാനിന്റെ ഭാഗമായാണ് ഈ മാറ്റം. വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കാൻ ഈ പുതിയ ഫീച്ചറിന് കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.