കടൽനടുവിൽ കപ്പലിൽനിന്ന് വിക്ഷേപണം: ചൈനയുടെ 'ഗ്രാവിറ്റി-1' കുതിച്ചുയർന്നു; ഭ്രമണപഥത്തിലെത്തിച്ചത് 9 ഉപഗ്രഹങ്ങൾ

 

ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ (Orienspace) 'ഗ്രാവിറ്റി-1' റോക്കറ്റ് കടലിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഷാങ്ഹായ് തീരത്ത് കിഴക്കൻ ചൈനാക്കടലിൽ നങ്കൂരമിട്ടിരുന്ന പ്രത്യേക കപ്പലിൽ നിന്നായിരുന്നു വിക്ഷേപണം. ഒൻപത് ഉപഗ്രഹങ്ങളെയും ഒരു പരീക്ഷണ ഉപകരണത്തെയുമാണ് ദൗത്യം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.

കിഴക്കൻ ചൈനാക്കടലിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ചൈനയുടെ ആദ്യ സ്വകാര്യ റോക്കറ്റ് എന്ന നേട്ടവും ഗ്രാവിറ്റി-1 സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഖര ഇന്ധന (Solid-fuel) വിക്ഷേപണ വാഹനങ്ങളിൽ ഒന്നായ ഗ്രാവിറ്റി-1-ന്റെ മൂന്നാമത്തെ വിജയകരമായ ദൗത്യമാണിത്. മുൻപ് 2024 ജനുവരിയിൽ മഞ്ഞക്കടലിൽ വെച്ചായിരുന്നു ആദ്യ വിക്ഷേപണം നടന്നത്.

അമേരിക്കയ്ക്കും റഷ്യക്കും ശേഷം കടൽ അധിഷ്ഠിത റോക്കറ്റ് വിക്ഷേപണ സാങ്കേതികവിദ്യ കൈവരിച്ച രാജ്യമാണ് ചൈന. വിക്ഷേപണ പാതകൾ എളുപ്പത്തിൽ നിശ്ചയിക്കാനും, ജനവാസ മേഖലകളിൽ റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ചുള്ള അപകട സാധ്യതകൾ ഒഴിവാക്കാനുമാണ് കടൽ വഴിയുള്ള വിക്ഷേപണം തിരഞ്ഞെടുക്കുന്നത്.