ചൊവ്വയിലെ വേനൽക്കാല പ്രകൃതിദൃശ്യങ്ങൾ പകർത്തി ക്യൂരിയോസിറ്റി റോവർ; ചിത്രങ്ങൾ പുറത്തുവിട്ട് നാസ

 

ചൊവ്വയിലെ 14 വർഷത്തെ ചരിത്രപരമായ ദൗത്യത്തിനിടെ മൗണ്ട് ഷാർപ്പിന്റെ ചരിവുകളിലൂടെ ഒരു കിലോമീറ്റർ ഉയരം കീഴടക്കി നാസയുടെ ക്യൂരിയോസിറ്റി റോവർ. ഈ ചരിത്രനേട്ടത്തിന്റെ ഭാഗമായി ചുവന്ന ഗ്രഹത്തിന്റെ അതിമനോഹരമായ പനോരമിക് ദൃശ്യങ്ങൾ റോവർ പകർത്തി. 'വാലെ ഗ്രാന്റെ' എന്ന താഴ്‌വരയിൽ നിന്ന് മാസ്റ്റ് ക്യാമറ ഉപയോഗിച്ച് ഓഗസ്റ്റ് 1, 2 തീയതികളിൽ എടുത്ത 323 ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് വിസ്മയകരമായ ഈ ദൃശ്യം നാസ തയ്യാറാക്കിയത്.

മനുഷ്യന്റെ കണ്ണുകൾക്ക് ദൃശ്യമാകുന്ന രീതിയിൽ നിറങ്ങൾ ക്രമീകരിച്ചിരിക്കുന്ന ചിത്രങ്ങളിൽ ചൊവ്വയുടെ നേർത്ത അന്തരീക്ഷവും അങ്ങേയറ്റം വരണ്ട മരുഭൂമിക്ക് സമാനമായ ഭൂപ്രകൃതിയും വ്യക്തമാണ്. പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും കാലാവസ്ഥാ വ്യതിയാനങ്ങളും കൃത്യമായി നിരീക്ഷിച്ചാണ് റോവർ മുന്നേറുന്നത്.

2012 ഓഗസ്റ്റിൽ ഗെയിൽ ഗർത്തത്തിലിറങ്ങിയ ക്യൂരിയോസിറ്റി, 2014 മുതലാണ് മൗണ്ട് ഷാർപ്പിലെ മലകയറ്റം ആരംഭിച്ചത്. ഗ്രഹത്തിന്റെ കോടിക്കണക്കിന് വർഷത്തെ പരിണാമ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതിനൊപ്പം, ഭൂതകാലത്ത് അവിടെ തടാകങ്ങളും ജീവന്റെ തുടിപ്പുകളും നിലനിന്നിരുന്നു എന്നതിന്റെ നിർണായക തെളിവുകളും ഈ ദൗത്യം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.