യു.എ.ഇയുടെ ‘ഹോപ്പ്’ പേടകത്തിലെ വിവരങ്ങൾ വിശകലനം ചെയ്തു; ചൊവ്വയുടെ കാലാവസ്ഥയിൽ നിർണായക കണ്ടെത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ
ചൊവ്വയിലെ അന്തരീക്ഷചംക്രമണത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കുറിച്ച് സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ ശാസ്ത്രജ്ഞർ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് ഈ നിർണായക പഠനത്തിന് പിന്നിൽ. യു.എ.ഇയുടെ ‘ഹോപ്പ്’ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ചൊവ്വയുടെ അന്തരീക്ഷ പ്രവർത്തനങ്ങളെക്കുറിച്ചും താപനില വ്യതിയാനങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തലുകൾ നടത്തിയത്.
ചൊവ്വയിലെ പ്രധാന ഗർത്തങ്ങളായ ഹെല്ലസ്, ആർഗൈർ എന്നീ മേഖലകളിലെ ഉപരിതല താപനില കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇവിടങ്ങളിൽ അതിശക്തമായ താപനില വ്യതിയാനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശീതകാലത്ത് താപനില മൈനസ് 123 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും വേനൽക്കാലത്ത് 22 ഡിഗ്രി മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യുന്നതായി പഠനം വ്യക്തമാക്കുന്നു.
ഇത് മുമ്പ് പ്രവചിച്ചതിനേക്കാൾ 10 കെൽവിൻ കൂടുതലാണ്. നേർത്ത അന്തരീക്ഷ പാളി കാരണം താപം നിലനിർത്താനോ വിതരണം ചെയ്യാനോ ചൊവ്വയ്ക്ക് സാധിക്കാത്തതും ഭ്രമണപഥത്തിന്റെ പ്രത്യേകതകളുമാണ് ഈ കടുത്ത കാലാവസ്ഥയ്ക്ക് കാരണം. അന്തരീക്ഷ തരംഗങ്ങൾ നിരീക്ഷിച്ചതിലൂടെ ചൊവ്വയുടെ അന്തരീക്ഷ ചലനങ്ങൾ മനസ്സിലാക്കാൻ ഗവേഷകർക്ക് സാധിച്ചു. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളിൽ ലാൻഡിങ് സൈറ്റുകൾ തിരഞ്ഞെടുക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും ഈ കണ്ടെത്തലുകൾ ഏറെ സഹായകരമാകും.