വ്യാജ വെബ് ക്ലയന്റുകൾ വഴി ഡാറ്റ ചോരും; വ്യാജന്മാരെ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്

 

അനൗദ്യോഗിക വെബ് ക്ലയന്റുകൾ (Unofficial Web Clients) വഴി വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി മെറ്റ. വ്യാജ ആപ്പുകളും ബ്രൗസർ എക്സ്റ്റൻഷനുകളും വഴി അക്കൗണ്ട് ലോഗിൻ ചെയ്യുന്നത് സന്ദേശങ്ങളും കോൺടാക്റ്റുകളും വ്യക്തിഗത വിവരങ്ങളും ചോരുന്നതിന് കാരണമാകുമെന്ന പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്നത്.

നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ, ആപ്പിലെ 'ലിങ്ക്ഡ് ഡിവൈസസ്' (Linked Devices) എന്ന വിഭാഗത്തിലാണ് പ്രത്യക്ഷപ്പെടുക. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയല്ലാതെ ഏതെങ്കിലും തേർഡ് പാർട്ടി ആപ്പുകളോ അനൗദ്യോഗിക ക്ലയന്റുകളോ വഴിയാണ് അക്കൗണ്ട് കണക്റ്റ് ചെയ്തിരിക്കുന്നതെങ്കിൽ, ഔദ്യോഗിക വാട്‌സ്ആപ്പ് വെബിലേക്ക് മാറാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഇതിൽ കാണാം.

മെറ്റയുടെ നിയന്ത്രണത്തിലല്ലാത്ത ഇത്തരം സോഫ്റ്റ്‌വെയറുകൾ ഗുരുതരമായ ഡാറ്റാ ചോർച്ചയ്ക്ക് വഴിതുറക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നത് വരെ ഈ സുരക്ഷാ മുന്നറിയിപ്പ് സന്ദേശം ആപ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. സുരക്ഷിതമായ ചാറ്റിംഗിനായി ഔദ്യോഗിക വെബ്‌സൈറ്റായ web.whatsapp.com മാത്രം ഉപയോഗിക്കാൻ കമ്പനി നിർദ്ദേശിക്കുന്നു.