പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ച് ആദ്യ പാക് സഞ്ചാരി
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ചരിത്രനേട്ടം കുറിച്ച് പാകിസ്താൻ. ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് പുറപ്പെട്ട ചൈനീസ് പേടകത്തിൽ പാകിസ്താന്റെ ആദ്യ ബഹിരാകാശ സഞ്ചാരി യാത്രതിരിച്ചു. ഗോബി മരുഭൂമിയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോങ് മാർച്ച് 2 എഫ് റോക്കറ്റ് ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:48-നാണ് വിക്ഷേപിച്ചത്. പാക് വ്യോമസേനാംഗമായ മുഹമ്മദ് സീഷൻ അലിയും ചൈനീസ് സഞ്ചാരികളായ ടാങ് ഹോങ്ബോ, വുയി എന്നിവരുമാണ് ദൗത്യസംഘത്തിലുള്ളത്. ഷെൻസൗ പേടകം ആസൂത്രിത ഭ്രമണപഥത്തിൽ സുരക്ഷിതമായി പ്രവേശിച്ചതായും ദൗത്യം പൂർണ്ണ വിജയമാണെന്നും ചൈനീസ് അധികൃതർ പ്രഖ്യാപിച്ചു.
പാകിസ്താന് ചരിത്ര നിമിഷവും ചൈനയുടെ ബഹിരാകാശ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലുമാണ് ഈ ദൗത്യം. ഒരു പാക് പൗരൻ ബഹിരാകാശ നിലയത്തിൽ താമസിക്കാനും ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താനും പോകുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. ഭൂമിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ ഉയരത്തിലുള്ള ബഹിരാകാശ നിലയത്തിൽ ഒരാഴ്ചയോളം ചെലവഴിക്കുന്ന മുഹമ്മദ് സീഷൻ അലി, മൈക്രോ ഗ്രാവിറ്റിയിലെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും വിദ്യാഭ്യാസ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. 2023-ൽ പാക് സംരംഭക നമിര സലിം വെർജിൻ ഗാലക്റ്റിക്കിന്റെ വിനോദസഞ്ചാര പേടകത്തിൽ ഏതാനും മിനിറ്റുകൾ ബഹിരാകാശ യാത്ര നടത്തിയിരുന്നെങ്കിലും, ഔദ്യോഗിക ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ പാക് പൗരനാണ് മുഹമ്മദ് സീഷൻ അലി.
ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പാകിസ്താൻ ഈ നേട്ടം കൈവരിക്കുന്നതെങ്കിൽ, 1984-ൽ തന്നെ ഇന്ത്യ ഈ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. 1984 ഏപ്രിലിൽ സോവിയറ്റ് സോയൂസ് ടി-11 ദൗത്യത്തിൽ വിങ് കമാൻഡർ രാകേഷ് ശർമ്മ ബഹിരാകാശത്തേക്ക് പറന്നതോടെ, സ്വന്തം പൗരനെ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമായി ഇന്ത്യ മാറിയിരുന്നു. സല്യൂട്ട് 7 ബഹിരാകാശ നിലയത്തിൽ രാകേഷ് ശർമ്മ എട്ട് ദിവസമാണ് ചെലവഴിച്ചത്. ഇന്ത്യ നേട്ടം കൈവരിച്ച് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പാകിസ്താൻ തങ്ങളുടെ ആദ്യ ബഹിരാകാശ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കുന്നത്.