ജിമെയിൽ ഐഡി മാറ്റണോ? പുതിയ അപ്ഡേറ്റുമായി ഗൂഗിൾ
ജനപ്രിയ ഇമെയിൽ സേവനമായ ജിമെയിൽ ഉപയോക്താക്കൾക്കായി സുപ്രധാനമായ മാറ്റം അവതരിപ്പിക്കുന്നു. ഒരിക്കൽ ക്രിയേറ്റ് ചെയ്താൽ പിന്നീട് മാറ്റാൻ കഴിയില്ലെന്ന് കരുതിയിരുന്ന @gmail.com എന്ന് അവസാനിക്കുന്ന ഇമെയിൽ വിലാസങ്ങൾ ഇനി മുതൽ ഉപയോക്താക്കൾക്ക് മാറ്റാൻ സാധിക്കും. ഇതുവരെ തേർഡ് പാർട്ടി ഇമെയിൽ വിലാസങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്.
പുതിയ അപ്ഡേറ്റ് പ്രകാരം ഇമെയിൽ വിലാസത്തിന്റെ ആദ്യ ഭാഗം (User Name) മാറ്റാൻ സാധിക്കും. അക്കൗണ്ടിലെ കോൺടാക്റ്റുകൾ, ഫയലുകൾ, മറ്റ് വിവരങ്ങൾ എന്നിവയ്ക്ക് മാറ്റം സംഭവിക്കാതെ തന്നെ വിലാസം പുതുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. പഴയ ഇമെയിൽ ഐഡിയിലേക്ക് ആരെങ്കിലും സന്ദേശങ്ങൾ അയച്ചാൽ അത് പുതിയ ഇൻബോക്സിലേക്ക് തന്നെ എത്തുന്ന രീതിയിലാണ് ഈ ക്രമീകരണം. പ്രൊഫഷണൽ ആവശ്യങ്ങൾക്കായി കൂടുതൽ ഗൗരവകരമായ ഇമെയിൽ വിലാസം ആഗ്രഹിക്കുന്നവർക്കും, വർഷങ്ങൾക്ക് മുമ്പ് വിളിപ്പേരുകൾ ചേർത്ത് ഐഡി ഉണ്ടാക്കിയവർക്കും ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടും.
എന്നാൽ ഈ സേവനത്തിന് ഗൂഗിൾ ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു തവണ ഇമെയിൽ വിലാസം മാറ്റിയാൽ അടുത്ത 12 മാസത്തേക്ക് (ഒരു വർഷം) പിന്നീട് മാറ്റാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. കൂടാതെ, ഒരാൾക്ക് തന്റെ അക്കൗണ്ടിന്റെ ആകെ കാലയളവിൽ പരമാവധി മൂന്ന് തവണ മാത്രമേ ഇമെയിൽ വിലാസം മാറ്റാൻ അനുവാദമുണ്ടാകൂ.
ഗൂഗിൾ അക്കൗണ്ടിലെ 'മൈ അക്കൗണ്ട്' സെക്ഷൻ വഴിയാണ് വിലാസം മാറ്റേണ്ടത്. നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇപ്പോൾ ഹിന്ദിയിൽ ലഭ്യമായിത്തുടങ്ങിയ ഈ സേവനം ഉടൻ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.