ഇനി വാങ്ങണ്ട, ലീസിനെടുക്കാം; ഡിവൈസ് ലീസിങ് പദ്ധതിയുമായി ആപ്പിൾ

 

വലിയ തുക നൽകി ഡിവൈസുകൾ വാങ്ങാൻ മടിക്കുന്ന ഐഫോൺ പ്രേമികൾക്കായി പുതിയ ഡിവൈസ് ലീസിങ് പദ്ധതി അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഒറ്റത്തവണയായി വലിയ തുക നൽകുന്നതിന് പകരം പ്രതിമാസ വാടക നൽകി ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച് എന്നിവ ഇനി ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. സാമ്പത്തിക സേവന ദാതാക്കളായ 'ക്ലാർണ'യുമായി (Klarna) സഹകരിച്ചാണ് 'ആപ്പിൾ അപ്‌ഗ്രേഡ്' എന്ന പേരിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഐഫോൺ, ആപ്പിൾ വാച്ച് മോഡലുകൾക്ക് 24 മാസവും മാക് കമ്പ്യൂട്ടറുകൾക്കും ഐപാഡുകൾക്കും 36 മാസവുമാണ് ലീസ് കാലാവധി. ലീസ് കാലയളവിനു ശേഷം ഉപകരണം തിരികെ നൽകാനോ, അധിക തുക നൽകി സ്വന്തമാക്കാനോ, പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനോ ഉപയോക്താക്കൾക്ക് അവസരമുണ്ടാകും. ആപ്പിളിന്റെ ഓൺലൈൻ, റീട്ടെയ്ൽ സ്റ്റോറുകൾ വഴി ഈ സേവനം ലഭ്യമാകും.

എന്നാൽ എൻട്രി ലെവൽ മോഡലുകളായ ഐഫോൺ 16, ആപ്പിൾ വാച്ച് SE, അടിസ്ഥാന ഐപാഡ്, മാക്ബുക്ക് നിയോ എന്നിവയും ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വാങ്ങലുകളും ഈ പദ്ധതിയിൽ ഉൾപ്പെടില്ല. കൂടാതെ, പുതിയ പ്ലാനിൽ ആപ്പിൾകെയർ പ്ലസ് സുരക്ഷ സൗജന്യമായി ലഭിക്കില്ല. പഴയ 'ഐഫോൺ അപ്‌ഗ്രേഡ് പ്രോഗ്രാം' അവസാനിപ്പിച്ചാണ് ആപ്പിൾ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മാതൃകയിലേക്ക് ചുവടുവെക്കുന്നത്.