ഡ്യുവൽ ക്യാമറ, മികച്ച ബാറ്ററി ബാക്ക്അപ്പ്; ഐഫോൺ എയർ 2 അടുത്ത വർഷം വിപണിയിലെത്തും

 

ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ സ്മാർട്ട്ഫോൺ 'ഐഫോൺ എയർ 2' മൂന്ന് പ്രധാന അപ്‌ഗ്രേഡുകളോടെ അടുത്ത വർഷം വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ആദ്യ മോഡലിലെ പ്രധാന പോരായ്മകൾ പരിഹരിച്ച് 'V62' എന്ന കോഡ് നാമത്തിലാണ് ഫോൺ വികസിപ്പിക്കുന്നത്. മുൻ മോഡലിലെ സിംഗിൾ ക്യാമറയ്ക്ക് പകരം പുതിയ അൾട്രാ-വൈഡ് ലെൻസ് കൂടി ഉൾപ്പെടുത്തി ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെയാകും പുതിയ പതിപ്പ് പുറത്തിറങ്ങുകയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഐഫോൺ എയറിന്റെ പ്രധാന പോരായ്മയായിരുന്ന കുറഞ്ഞ ബാറ്ററി ലൈഫിന് പരിഹാരമായി മെച്ചപ്പെട്ട ബാറ്ററി ബാക്ക്അപ്പും, 2nm പ്രോസസ്സിൽ നിർമ്മിച്ച ആപ്പിളിന്റെ ശക്തമായ A20 പ്രോ ചിപ്പും പുതിയ മോഡലിൽ ഉൾപ്പെടുത്തും. ഫോണിന്റെ കട്ടി കുറഞ്ഞ നിലവിലെ സ്ലിം ഡിസൈനിൽ വലിയ മാറ്റങ്ങളുണ്ടാകില്ല. അടുത്ത വർഷം തുടക്കത്തിൽ പുറത്തിറങ്ങുന്ന ഐഫോൺ 18 സീരീസിനൊപ്പം ഐഫോൺ എയർ 2 ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.