എ.ഐ ക്യാമറയും ഫ്ലോസറുമായി ഡെയ്സന്റെ 47,000 രൂപയുടെ ഇലക്ട്രിക് ടൂത്ത് ബ്രഷ് പുറത്തിറങ്ങി

 

എ.ഐ അധിഷ്ഠിത ക്യാമറയും ഫ്ലോസറും ഘടിപ്പിച്ച 499.99 ഡോളർ (ഏകദേശം 47,000 രൂപ) വിലമതിക്കുന്ന പുതിയ ഇലക്ട്രിക് ടൂത്ത് ബ്രഷ് ഔദ്യോഗികമായി വിപണിയിലിറക്കി പ്രമുഖ ടെക് കമ്പനിയായ ഡെയ്സൺ (Dyson). വായ്ക്കുള്ളിലെ ദൃശ്യങ്ങൾ തത്സമയം കണ്ട് പല്ല് തേക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ ഡിവൈസ്. മൂന്ന് നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഉൽപ്പന്നം വിപണിയിലെത്തിയതിന് പിന്നാലെ അമിതവില, സ്വകാര്യതാ ലംഘനം എന്നിവയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

വായ്ക്കുള്ളിലെ ഇടുങ്ങിയ ഗ്യാപ്പുകൾ കൃത്യമായി കണ്ട് പ്രിസിഷൻ-ഫ്ലോസ് (Precision-Floss) വഴി വായ വൃത്തിയാക്കാൻ കഴിയുന്ന ആദ്യത്തെ ക്യാമറ ബ്രഷാണിതെന്ന് ഡെയ്സൺ അവകാശപ്പെടുന്നു. സെക്കൻഡിൽ 28 ചിത്രങ്ങൾ വരെ പകർത്താൻ ശേഷിയുള്ള 100K പിക്സൽ മാക്രോ ലെൻസ് ക്യാമറയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മൈ ഡെയ്സൺ (MyDyson) ആപ്പ് വഴി ഫോണിൽ തത്സമയ ദൃശ്യങ്ങൾ കാണാനാകും. ക്യാമറ ആവശ്യാനുസരണം ഓൺ/ഓഫ് ചെയ്യാനും സാധിക്കും. ഈ ദൃശ്യങ്ങളൊന്നും ഡെയ്സണിന്റെ സെർവറുകളിലോ ക്ലൗഡിലോ സൂക്ഷിച്ചു വെക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, പരസ്യം പുറത്തുവന്നതിന് പിന്നാലെ വിമർശനങ്ങളുമായി ഉപയോക്താക്കൾ രംഗത്തെത്തി. ടൂത്ത് ബ്രഷിൽ എ.ഐ ക്യാമറയുടെ ആവശ്യമില്ലെന്നും ഇത് അനാവശ്യ ചെലവാണെന്നും ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ, ക്യാമറ ഘടിപ്പിച്ച ബ്രഷ് വ്യക്തികളുടെ സ്വകാര്യതയെയും വിവര സുരക്ഷയെയും ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയാണ് ഭൂരിഭാഗം പേരും പങ്കുവെക്കുന്നത്.