ഇലോൺ മസ്കിന്റെ അപരൻ; ചൈനീസ് റസ്റ്റോറന്റ് ഉടമ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
ഇലോൺ മസ്കിന്റെ രൂപസാദൃശ്യമുള്ള സാധാരണക്കാരായ അപരന്മാർ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ തൊങ്ചുവാൻ ജില്ലയിൽ ബാർബിക്യു റസ്റ്റോറന്റ് നടത്തുന്ന 48-കാരനായ മാ ജിയാൻപിങ് (Ma Jianping) എന്ന വ്യാപാരിയാണ് ഇപ്പോൾ ഇൻ്റർനെറ്റിലെ പുതിയ താരം. കടയിൽ ഭക്ഷണം വിളമ്പുന്ന ഇദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഗതി വൈറലായത്.
ചൈനീസ് പ്ലാറ്റ്‌ഫോമായ ഡൗയിനിൽ (Douyin) പങ്കുവെച്ച വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 13 ലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്. ഇതോടെ ഇദ്ദേഹത്തെ നേരിൽ കാണാനും ഫോട്ടോയെടുക്കാനും റെസ്റ്റോറന്റിലേക്ക് ആളുകളുടെ തിരക്കേറി. ഇലോൺ മസ്കിന്റെ പേരിന്റെ ആദ്യ ഭാഗത്തോട് സാദൃശ്യമുള്ളതാണ് ഇദ്ദേഹത്തിന്റെ കുടുംബപ്പേരായ 'മാ' എന്നതും കൗതുകം കൂട്ടുന്നു. വലിയ പ്രശസ്തിയും ബിസിനസ്സ് ഓഫറുകളും തേടിയെത്തിയെങ്കിലും സ്വന്തം റസ്റ്റോറന്റ് ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാനാണ് തനിക്ക് താല്പര്യമെന്ന് മാ ജിയാൻപിങ് വ്യക്തമാക്കി.