42 രാജ്യങ്ങളിൽ ചാരവൃത്തി; ചൈനീസ് ഹാക്കിങ് ശൃംഖലയെ പിടികൂടി ഗൂഗ്ൾ
ലോകത്തെ 42 രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളെയും ടെലികോം കമ്പനികളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ചൈനീസ് അനുകൂല ഹാക്കിങ് സംഘത്തെ ഗൂഗ്ൾ സൈബർ സുരക്ഷാ വിഭാഗം തടഞ്ഞു. 'യു.എൻ.സി 2814' (UNC2814), 'ഗാലിയം' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സംഘം അതീവ രഹസ്യമായി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്ന് ഗൂഗ്ൾ ത്രെട്ട് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.
ഹാക്കിങ് തിരിച്ചറിയാതിരിക്കാൻ ഗൂഗ്ൾ ഷീറ്റ്‌സ് (Google Sheets) ഉപയോഗിച്ചാണ് ഇവർ നിർദ്ദേശങ്ങൾ കൈമാറിയിരുന്നത്. സാധാരണ ഓഫീസ് ഫയലുകളാണെന്ന് തോന്നിപ്പിച്ച് 'ഗ്രിഡ്‌ടൈഡ്' (Gridtide) എന്ന ബാക്ക്ഡോർ സോഫ്റ്റ്‌വെയർ വഴി സിസ്റ്റങ്ങളിൽ പ്രവേശിച്ചായിരുന്നു ഡാറ്റ ചോർത്തൽ. വോട്ടർ ഐ.ഡി, ഫോൺ നമ്പറുകൾ, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇവർ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പത്ത് വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ സംഘത്തിന്റെ ഗൂഗ്ൾ ക്ലൗഡ് ആക്‌സസ് തടയുകയും അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്തതായി ഗൂഗ്ൾ അറിയിച്ചു. ഗൂഗ്ളിന്റെ സുരക്ഷാവീഴ്ചയല്ല, മറിച്ച് നിലവിലെ ഫീച്ചറുകളെ ഹാക്കർമാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. ഗൂഗ്ളിന്റെ ഈ നീക്കത്തിലൂടെ മറ്റ് 22 രാജ്യങ്ങളിലേക്ക് കൂടി ചാരവൃത്തി വ്യാപിക്കുന്നത് തടയാൻ സാധിച്ചു. അതേസമയം, സൈബർ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ചൈനീസ് എംബസി വക്താവ് പ്രതികരിച്ചു.