മസ്കിന്റെ സ്റ്റാർലിങ്കിനെതിരെ യൂറോപ്യൻ യൂണിയൻ നീക്കം; ബെൽജിയത്തിൽ വമ്പൻ സാറ്റലൈറ്റ് ഫാക്ടറി തുറന്നു
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനെ വെല്ലുവിളിക്കാനും യു.എസ് ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി യൂറോപ്പിലെ ഏറ്റവും വലിയ സാറ്റലൈറ്റ് നിർമാണ ഫാക്ടറി ബെൽജിയത്തിൽ തുറന്നു. ബെൽജിയൻ കമ്പനിയായ എയ്റോസ്പെയ്സ്ലാബിന്റെ ഈ കേന്ദ്രത്തിന് പ്രതിവർഷം 500 സാറ്റലൈറ്റുകൾ വരെ നിർമിക്കാൻ സാധിക്കും.
യൂറോപ്യൻ യൂണിയന്റെ സാറ്റലൈറ്റ് സംരംഭമായ ഐറിസ് സ്ക്വയറിനായി (IRIS²) 264 സാറ്റലൈറ്റുകൾ നിർമിക്കുന്നതിനുള്ള കരാർ ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. നവംബർ 30 മുതൽ കമ്പനി 'എക്ട്രോ' (Ectro) എന്ന പേരിൽ റീബ്രാണ്ട് ചെയ്യപ്പെടും.
2028 അവസാനത്തോടെ ഉത്പാദനം ആരംഭിക്കുന്ന ഫാക്ടറി 2030-ഓടെ യൂറോപ്പിന്റെ സുരക്ഷിത കണക്റ്റിവിറ്റി ശൃംഖലയുടെ നട്ടെല്ലായി മാറുമെന്നാണ് വിലയിരുത്തൽ. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനൊപ്പം പ്രതിരോധ സംവിധാനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സുരക്ഷിത ആശയവിനിമയത്തിനും ഇത് സഹായിക്കും. സ്റ്റാർലിങ്കിന്റെ ആധിപത്യത്തെ മറികടക്കാൻ യൂറോപ്പിന് ഇനിയും ഏറെ ദൂരം പോകാനുണ്ടെങ്കിലും രാജ്യസുരക്ഷയ്ക്കും ആശയവിനിമയത്തിനും ഇത് നിർണായക ചുവടുവെപ്പാണ്.