ഫേസ്ബുക്കിനും വാട്സ്ആപ്പിനും ഇനി പണം നൽകണം; പുതിയ പെയ്ഡ് പ്ലാനുകളുമായി മെറ്റ

 

സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയ്ക്ക് പുതിയ പെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ച് മെറ്റ. ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ്, വാട്സ്ആപ്പ് പ്ലസ് എന്നിങ്ങനെയാണ് പുതിയ പ്രീമിയം പ്ലാനുകൾ അറിയപ്പെടുന്നത്. കൂടുതൽ പ്രത്യേക ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് വേണ്ടിയാണ് ഈ മാറ്റം. എന്നാൽ സാധാരണ ഉപഭോക്താക്കൾക്കായി നിലവിലുള്ള സൗജന്യ പതിപ്പുകൾ മുൻപത്തെപ്പോലെ തന്നെ തുടർന്നും ലഭ്യമായിരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ വിവരങ്ങൾ അനുസരിച്ച് ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 340 രൂപയും വാട്സ്ആപ്പ് പ്ലസിന് പ്രതിമാസം 255 രൂപയുമാണ് വരിസംഖ്യ വരുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പെയ്ഡ് പ്ലാനുകൾ എടുക്കുന്നവർക്ക് പ്രൊഫൈൽ മാറ്റങ്ങൾ വരുത്താനും, പോസ്റ്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും, അഡ്വാൻസ്ഡ് അനലിറ്റിക്സ് പോലുള്ള ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കും. കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്ലുവൻസർമാർക്കും ഇത് ഏറെ സഹായകരമാകും. വാട്സ്ആപ്പ് പ്ലസ് എടുക്കുന്നവർക്ക് പ്രത്യേക തീമുകൾ, പ്രീമിയം സ്റ്റിക്കറുകൾ, റീംഗ്ടോണുകൾ എന്നിവയാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ വികസനത്തിനായി മെറ്റ നിലവിൽ കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റ് വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള കമ്പനിയുടെ വലിയൊരു ചുവടുവെപ്പായാണ് ഈ പുതിയ പ്രീമിയം പ്ലാനുകളെ സാമ്പത്തിക ലോകം വിലയിരുത്തുന്നത്. ഭാവിയിൽ ഈ പെയ്ഡ് സർവീസുകളെല്ലാം 'മെറ്റ വൺ' (Meta One) എന്ന ഒറ്റ പ്ലാറ്റ്‌ഫോമിന് കീഴിലേക്ക് കൊണ്ടുവരാനും കമ്പനിക്ക് പദ്ധതിയുണ്ട്.