വ്യാജ ഇമെയിൽ തട്ടിപ്പ്: അടിയന്തര സൈബർ സുരക്ഷാ മുന്നറിയിപ്പുമായി ബുറൈമി യൂണിവേഴ്സിറ്റി

 

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് വ്യാപകമായ ഫിഷിങ് (Phishing) സൈബർ ആക്രമണങ്ങൾ നടക്കുന്നതായി ഒമാനിലെ ബുറൈമി യൂണിവേഴ്സിറ്റി അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യൂണിവേഴ്സിറ്റി അക്കൗണ്ട് ലോഗിൻ വിവരങ്ങൾ എന്നിവ തട്ടിയെടുക്കാനാണ് സൈബർ കുറ്റവാളികൾ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ട്യൂഷൻ ഫീസ് അടയ്ക്കൽ, വ്യക്തിഗത വിവരങ്ങൾ പുതുക്കൽ, യൂണിവേഴ്സിറ്റി അക്കൗണ്ട് വെരിഫൈ ചെയ്യൽ എന്നീ വ്യാജ ആവശ്യങ്ങളുന്നയിച്ചാണ് തട്ടിപ്പുകാർ ഇമെയിലുകൾ അയക്കുന്നത്. സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ ചോർത്തപ്പെടും.

സംശയാസ്പദമായ ഇമെയിലുകളിലെ ലിങ്കുകളിലോ അറ്റാച്ച്മെന്റുകളിലോ ക്ലിക്ക് ചെയ്യരുതെന്നും, ഇമെയിലുകൾക്ക് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) നിർബന്ധമാക്കണമെന്നും യൂണിവേഴ്സിറ്റി നിർദ്ദേശിച്ചു. അബദ്ധത്തിൽ വിവരങ്ങൾ കൈമാറിയവർ ഉടൻ പാസ്‌വേഡ് മാറ്റുകയും വിവരം ഐ.ടി വിഭാഗത്തെ അറിയിക്കുകയും വേണം.