ഗൂഗിൾ പ്ലേ സ്റ്റോറിൽ വാട്സ്ആപ്പിന്റെ വ്യാജ പതിപ്പ്; അഞ്ച് ലക്ഷത്തിലേറെ ഡൗൺലോഡുകൾ, ജാഗ്രതാ നിർദ്ദേശം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഗൂഗിൾ ക്രോമിന്റെ വ്യാജ പതിപ്പ് കണ്ടെത്തി ദിവസങ്ങൾക്കകമാണ് വാട്സ്ആപ്പിന്റെ വ്യാജ രൂപവും പ്ലേ സ്റ്റോറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ആളുകൾ ഈ വ്യാജ ആപ്പ് ഇതിനോടകം ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തതായാണ് റിപ്പോർട്ടുകൾ.
ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സെപ്റ്റംബർ മാസം മുതലാണ് ഈ ആപ്പ് പ്ലേ സ്റ്റോറിൽ സജീവമായത്. പ്ലേ സ്റ്റോറിലെ സ്പോൺസേർഡ് പരസ്യ സംവിധാനം ദുരുപയോഗം ചെയ്ത് പ്രചരിച്ച ആപ്പിനെക്കുറിച്ച് ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ആദ്യം വിവരങ്ങൾ പുറത്തുവിട്ടത്. 'Agment Assets sallu' എന്ന ഡെവലപ്പർ അക്കൗണ്ടിൽ നിന്നാണ് ഇത് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ആപ്പിന്റെ ലോഗോയും സ്ക്രീൻഷോട്ടുകളും വിവരണങ്ങളും കൃത്യമായി അനുകരിച്ചാണ് ഉപയോക്താക്കളെ കെണിയിൽപ്പെടുത്തിയത്.
പ്ലേ സ്റ്റോറിലെ 'ഏർലി ആക്സസ്' സംവിധാനം ദുരുപയോഗം ചെയ്താണ് വ്യാജ ആപ്പ് സുരക്ഷാ പരിശോധനകളെ മറികടന്നത്. ഉപയോക്താക്കൾക്ക് പൊതുവായ റിവ്യൂകൾ നൽകാൻ സാധിക്കാത്ത ഏർലി ആക്സസ് വിഭാഗത്തിലായതിനാൽ തന്നെ ആപ്പ് വ്യാജമാണെന്ന മുന്നറിയിപ്പുകൾ മറ്റു ഉപയോക്താക്കൾക്ക് കാണാൻ സാധിച്ചില്ല. ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഡെവലപ്പറുടെ പേര് 'WhatsApp LLC' എന്ന് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു.