ഇഷ്ടപ്പെട്ട പാട്ടുകൾ എ.ഐയിൽ റീമിക്സ് ചെയ്യാം; സ്പോട്ടിഫൈയുടെ പുതിയ ഫീച്ചർ
ഇഷ്ടഗാനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ റീമിക്സ് ചെയ്യാനും പുതിയ കവർ പതിപ്പുകളാക്കി മാറ്റാനും അവസരമൊരുക്കുന്ന പുതിയ ഫീച്ചറിനായി ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ സ്പോട്ടിഫൈ (Spotify). നിലവിലെ പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്കിന് പുറമെ പ്രതിമാസം 379 രൂപ മുതൽ 474 രൂപ വരെ അധികം ഈടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2027 ആദ്യപാദത്തിൽ തന്നെ ഈ പുതിയ എ.ഐ സേവനം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് സ്പോട്ടിഫൈ പ്ലാൻ ചെയ്യുന്നത്.
നിലവിലുള്ള ഗാനങ്ങൾക്ക് പുതിയ മ്യൂസിക് സ്റ്റൈലുകളും താളവും നൽകി റീമിക്സ് ചെയ്യാനും, മറ്റ് ഗായകരുടെ ശൈലിയിലുള്ള കവർ വേർഷനുകൾ തയാറാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. തീർത്തും പുതിയ ഗാനങ്ങൾ നിർമ്മിക്കുന്നതിന് പകരമായി, സമ്മതം നൽകുന്ന കലാകാരന്മാരുടെ പാട്ടുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത്തരം റീമിക്സുകൾ ഒരുക്കുക. ഇതിനായി പ്രമുഖ സംഗീത ലേബലുകളുമായി സ്പോട്ടിഫൈ ലൈസൻസിംഗ് കരാറുകളിൽ ഒപ്പുവെച്ചുവരികയാണ്. യൂനിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്, മെർലിൻ, ബിലീവ് എന്നീ കമ്പനികളുമായി സ്പോട്ടിഫൈ ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. സോണി മ്യൂസിക്, വാർണർ മ്യൂസിക് എന്നിവയുമായി ചർച്ചകൾ തുടരുകയാണ്. കൂടാതെ, സ്വന്തം സൃഷ്ടികൾ എ.ഐ റീമിക്സിന് ലഭ്യമാക്കണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആർട്ടിസ്റ്റുകൾക്ക് വ്യക്തിപരമായി നൽകുന്നുണ്ട്.
ആരാധകർ തയാറാക്കുന്ന ഇത്തരം എ.ഐ റീമിക്സുകളിൽ നിന്നുള്ള റോയൽറ്റിയുടെ വിഹിതം യഥാർത്ഥ ഗാനങ്ങളുടെ കലാകാരന്മാർക്കും സംഗീതസംവിധായകർക്കും ലഭ്യമാക്കും. റീമിക്സുകൾ സ്പോട്ടിഫൈ പ്ലേലിസ്റ്റുകളിൽ ഉൾപ്പെടുത്താനും അവയുടെ സ്ട്രീമിങ് കണക്കുകൾ യഥാർത്ഥ ഗാനങ്ങളുടെ ചാർട്ടുകളിൽ പരിഗണിക്കാനും സംവിധാനമൊരുക്കുന്നതോടെ ആർട്ടിസ്റ്റുകൾക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.