പറക്കും ടാക്സികൾ ഈ വർഷം അവസാനമെത്തും; ഗതാഗത വിപ്ലവത്തിനൊരുങ്ങി ദുബായ്
ദുബായ് നഗരത്തിൽ അത്യാധുനിക ഗതാഗത സംവിധാനങ്ങൾ ഈ വർഷം തന്നെ യാഥാർഥ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവറില്ലാ ടാക്സികൾ വർഷത്തിന്റെ ആദ്യ പകുതിയിലും പറക്കും ടാക്സികൾ വർഷാവസാനത്തോടെയും സർവീസ് ആരംഭിക്കുമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറൽ മതാർ അൽ തായർ വെളിപ്പെടുത്തി. വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റിലാണ് ദുബായുടെ ഈ അതിവേഗ മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. സ്കൈപോർട്ടുകൾ ഉൾപ്പെടെയുള്ള പറക്കും ടാക്സി പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. ആഗോള വിദഗ്ധരുമായി ചർച്ച ചെയ്ത് പരിഷ്കരിച്ച ഈ പദ്ധതി ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങാൻ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി ദുബായിലെ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ച ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. 'അപ്പോളോ ഗോ പാർക്ക്' എന്ന പേരിൽ ദുബായ് സയൻസ് പാർക്കിലാണ് ഈ ഓപ്പറേഷൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ചൈനയിലെ ബൈദുസ് ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പും ദുബായ് ആർ.ടി.എയും ചേർന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സെന്റർ നഗരത്തിലെ ഡ്രൈവറില്ലാ വാഹനങ്ങളെ പൂർണ്ണമായും നിയന്ത്രിക്കും.
പറക്കും ടാക്‌സികൾക്കായി യു.എ.ഇയിൽ നിർമ്മിക്കുന്ന ആദ്യ വെർട്ടിപോർട്ടിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിർമ്മിക്കുന്ന ഈ വെർട്ടിപോർട്ട് നാല് നിലകളിലായി 3,100 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒരുങ്ങുന്നത്. വിമാനത്താവള മാതൃകയിലുള്ള ഈ കേന്ദ്രത്തിൽ ടേക്ക്-ഓഫ്, ലാൻഡിങ് ഏരിയകൾ, ചാർജിങ് സൗകര്യങ്ങൾ, പാസഞ്ചർ ലോഞ്ച് എന്നിവ ഉൾപ്പെടുന്നു. പ്രതിവർഷം 42,000 ലാൻഡിങ്ങുകളും 1,70,000 യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ടാകും. ദുബായുടെ ഗതാഗത രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ പദ്ധതികൾ നഗരത്തിലെ യാത്രാനുഭവം കൂടുതൽ വേഗതയുള്ളതും ലളിതവുമാക്കും.