ഗതാഗതക്കുരുക്ക് മുതൽ അപ്പോയിന്റ്മെന്റ് ബുക്കിങ് വരെ; യാത്രാ ആസൂത്രണത്തിന് പുതിയ എ.ഐ ഫീച്ചറുകളുമായി ഗൂഗിൾ മാപ്സ്
യാത്രകൾ കൂടുതൽ എളുപ്പത്തിൽ ആസൂത്രണം ചെയ്യുന്നതിനായി 'ആസ്ക് മാപ്സ്' (Ask Maps) ഫീച്ചറിൽ പുതിയ എ.ഐ ടൂളുകൾ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്. ഓരോ ദിവസത്തെയും യാത്രാപരിപാടികൾ തയ്യാറാക്കാനും യാത്രയിലെ സ്റ്റോപ്പുകൾ നമ്പർ സഹിതം മാപ്പിൽ അടയാളപ്പെടുത്താനും ഇതിലൂടെ സാധിക്കും.
ഗതാഗതക്കുരുക്ക്, കടകളുടെയും റെസ്റ്ററന്റുകളുടെയും പ്രവർത്തനസമയം, കാലാവസ്ഥ, ടോൾ നിരക്കുകൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും യാത്രക്കാർക്ക് ലഭ്യമാകും. തയ്യാറാക്കിയ യാത്രാപദ്ധതി സുഹൃത്തുക്കൾക്ക് പങ്കുവെക്കാനും ഗൂഗിൾ ഡോക്സിലേക്ക് എക്സ്പോർട്ട് ചെയ്യാനും യാത്രാമധ്യേ ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്താനും പുതിയ സംവിധാനം സഹായിക്കും.
സേവ് ചെയ്ത സ്ഥലങ്ങളുടെ ലിസ്റ്റിൽ നിന്ന് തത്സമയ സൗകര്യങ്ങൾ പരിശോധിച്ച് അനുയോജ്യമായ ഇടങ്ങൾ കണ്ടെത്താനും വിവിധ സേവനങ്ങൾക്കായി അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പുറത്തിറങ്ങുന്ന പുതിയ അപ്ഡേറ്റ് 'ആസ്ക് മാപ്സ്' ലഭ്യമായ 200-ലധികം രാജ്യങ്ങളിൽ ലഭിക്കും. യൂറോപ്പിലെ 30 രാജ്യങ്ങളിലേക്ക് ഫീച്ചർ വ്യാപിപ്പിക്കുമ്പോൾ, അപ്പോയിന്റ്മെന്റ് ബുക്കിങ് ഉൾപ്പെടെയുള്ള ചില സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ അമേരിക്കയിലാണ് അവതരിപ്പിക്കുന്നത്.