ഗഗൻയാൻ ദൗത്യം 2027-ൽ; 2040-ഓടെ ചന്ദ്രനിൽ ഇന്ത്യക്കാരനെ എത്തിക്കുമെന്ന് ഐ.എസ്.ആർ.ഒ

 

ഇന്ത്യയുടെ അഭിമാനമായ 'ഗഗൻയാൻ' ദൗത്യം 2027-ഓടെ യാഥാർഥ്യമാകുമെന്നും 2040-ഓടെ ചന്ദ്രനിൽ ഇന്ത്യക്കാരനെ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ. ഹൈദരാബാദിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതോടെ ലോഞ്ചർ സാങ്കേതികവിദ്യയിലും ഉപഗ്രഹ വികസനത്തിലും ലോകത്തെ വൻശക്തികൾക്കൊപ്പം ഇന്ത്യയും ഒന്നാമതെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി മനുഷ്യരില്ലാത്ത മൂന്ന് പരീക്ഷണ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ നടത്തും. സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകം ബഹിരാകാശത്തേക്ക് കുതിക്കുക. ഇതിന് പുറമെ ജി-20 രാജ്യങ്ങൾക്കായി ഇന്ത്യയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പ്രത്യേക ഉപഗ്രഹം 2027-ൽ വിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശ വിപണിയിൽ ഇന്ത്യ ഇതിനോടകം വലിയ വിശ്വാസ്യത കൈവരിച്ചിട്ടുണ്ട്. ഇതുവരെ 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആർ.ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.

ബഹിരാകാശത്തിനൊപ്പം തന്നെ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുന്ന 'സമുദ്രയാൻ' പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 2.2 മീറ്റർ വ്യാസമുള്ള പ്രത്യേക ടൈറ്റാനിയം പേടകം ശാസ്ത്രജ്ഞർ നിർമ്മിച്ചുവരികയാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ പദ്ധതിയെന്നും ദീർഘകാലത്തെ കഠിനാധ്വാനം ഇതിന് പിന്നിലുണ്ടെന്നും വി. നാരായണൻ പറഞ്ഞു.