ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: അഡോബ് പ്രീമിയർ മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിലെത്തി

 

വിഡിയോ എഡിറ്റർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ആശ്വാസമായി അഡോബ് പ്രീമിയർ മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിലും ലഭ്യമായി തുടങ്ങി. മുൻനിര ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയറുകളോട് കിടപിടിക്കുന്ന പ്രൊഫഷണൽ ഫീച്ചറുകളോടെയാണ് അഡോബ് ഈ ആപ്പ് പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചിരിക്കുന്നത്. വാട്ടർമാർക്കോ ഇൻ-ആപ്പ് പരസ്യങ്ങളോ ഇല്ലാതെ പൂർണമായും സൗജന്യമായി 4K ക്വാളിറ്റിയിൽ വിഡിയോകൾ എക്സ്പോർട്ട് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

മൾട്ടി-ട്രാക്ക് ടൈംലൈൻ സംവിധാനമുള്ള ആപ്പിൽ, പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കുന്ന ‘എൻഹാൻസ് ഓഡിയോ’, തനിയെ സബ്‌ടൈറ്റിലുകൾ നിർമ്മിക്കുന്ന ‘ഓട്ടോമാറ്റിക് ക്യാപ്ഷൻസ്’ തുടങ്ങിയ എഐ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 13ഓ അതിന് മുകളിലോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റവും കുറഞ്ഞത് 5 ജി.ബി റാമുള്ള ഫോണുകളിലും മാത്രമേ ആപ്പ് പ്രവർത്തിക്കൂ. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 50,000-ത്തിലധികം ഡൗൺലോഡുകൾ ആപ്പ് പിന്നിട്ടുകഴിഞ്ഞു.