കോളേജ് വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിൾ എഐ പ്ലസ് സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നൽകുന്നു
പുതിയ അക്കാദമിക വർഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി ഗൂഗിൾ പുതിയ പ്രഖ്യാപനം നടത്തി. ഇന്ത്യയുൾപ്പെടെ 140 രാജ്യങ്ങളിലെ അർഹരായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിൾ എഐ പ്ലസ് സബ്‌സ്‌ക്രിപ്ഷൻ പൂർണ്ണമായും സൗജന്യമായി ലഭിക്കും.
വിദ്യാർഥികൾക്ക് എഐ സാങ്കേതികവിദ്യ കൂടുതൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാണ് ഈ നീക്കം. ഓഫറിലൂടെ ജെമിനി ഒമ്നി സേവനവും, രണ്ടിരട്ടി അധിക ഉപയോഗ പരിധിയും, 400 ജിബി (400 GB) ക്ലൗഡ് സ്റ്റോറേജും സൗജന്യമായി ലഭിക്കും. പഠനം എളുപ്പമാക്കാൻ സഹായിക്കുന്ന സ്റ്റഡി നോട്ട്ബുക്കുകൾ, ഫ്ലാഷ്‌കാർഡുകൾ, ക്വിസുകൾ എന്നിവ ഉൾപ്പെടുന്ന 'സ്റ്റുഡന്റ് ഹബ്ബ്' സൗകര്യവും ജെമിനി ആപ്പിൽ ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമേ, ഗൂഗിൾ എഐ പ്രോ പ്ലാനും യൂട്യൂബ് പ്രീമിയവും അടങ്ങുന്ന ബണ്ടിൽ പാക്കേജ് വലിയ വിലക്കിഴിവിൽ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി വിദ്യാർഥിത്വം ഉറപ്പുവരുത്തി ഈ സേവനം പ്രയോജനപ്പെടുത്താം. ഇന്ത്യയിൽ സാധാരണ പ്രതിമാസം 399 രൂപ ഈടാക്കുന്ന പ്ലാനാണ് ഇതുവഴി സൗജന്യമായി ലഭിക്കുന്നത്.