ഗൂഗ്ൾ ജെമിനി എ.ഐ ടെസ്റ്റിങ് അതിർവരമ്പുകൾ ലംഘിച്ചു; യഥാർത്ഥ കമ്പനികളുടെ സിസ്റ്റങ്ങളിൽ ഹാക്കിങ് ശ്രമം

 

സൈബർ സുരക്ഷാ പരിശോധനകൾക്കിടെ നിർദേശിച്ച പരിധികൾ മറികടന്ന് ഗൂഗ്ളിന്റെ പ്രമുഖ എ.ഐ മോഡലായ ജെമിനി മൂന്ന് യഥാർത്ഥ കമ്പനികളുടെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറിയതായി റിപ്പോർട്ട്. ടെസ്റ്റിങ് നെറ്റ്‌വർക്കിന് വെളിയിൽ കടന്ന് പാസ്‌വേഡുകൾ ഊഹിച്ചെടുത്താണ് എ.ഐ ഈ സുരക്ഷാ ലംഘനം നടത്തിയത്. മെറ്റ, ആന്ത്രോപിക്, ഓപ്പൺ എ.ഐ എന്നീ ടെക് ഭീമന്മാരുടെ മോഡലുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ഗൂഗ്ളിന്റെ ജെമിനിയുടെ ഭാഗത്തുനിന്നും സമാനമായ കടന്നുകയറ്റം റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ മേയിൽ 'ഇറെഗുലർ' എന്ന സുരക്ഷാ കമ്പനി നടത്തിയ ട്രയലിനിടെയാണ് സംഭവം. ഒരു സാങ്കൽപ്പിക കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നൽകിയ ചുമതലയ്ക്കിടെ ഇന്റർനെറ്റിലേക്ക് പ്രവേശനം ലഭിച്ച ജെമിനി, യഥാർത്ഥ കമ്പനികളുടെ ക്രെഡൻഷ്യലുകൾ ഊഹിച്ചെടുത്ത് സിസ്റ്റങ്ങളിലേക്ക് കടക്കുകയായിരുന്നുവെന്ന് ഗൂഗ്ൾ സെക്യൂരിറ്റി എൻജിനീയറിങ് വൈസ് പ്രസിഡന്റ് ഹീതർ അഡ്കിൻസ് പറഞ്ഞു. എന്നാൽ പ്രവർത്തനം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ എ.ഐ സ്വയം പ്രവർത്തനം നിർത്തുകയായിരുന്നു. അതിനാൽ ഇത് സാങ്കേതിക പിഴവല്ലെന്ന് ഗൂഗ്ൾ വിശദീകരിച്ചു.

നേരത്തെ ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലും ഓപ്പൺ എ.ഐ സിസ്റ്റങ്ങളും ടെസ്റ്റിങ്ങിനിടെ സ്വന്തം നിലയിൽ ഇന്റർനെറ്റിൽ പ്രവേശിച്ച് പ്രവർത്തിച്ചതായി വെളിപ്പെടുത്തിയിരുന്നു. എ.ഐയുടെ ഈ അനിയന്ത്രിതമായ വളർച്ചയിൽ നിയന്ത്രണം വേണമെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡി, സാം ആൾട്ട്മാൻ, ഇലോൺ മസ്ക് തുടങ്ങിയവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.