നൂറ് കോടി പ്രതിമാസ ഉപയോക്താക്കളുമായി ഗൂഗിൾ ജെമിനി; ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളർന്ന ഉൽപ്പന്നം

 

ഗൂഗിളിന്റെ എ.ഐ അസിസ്റ്റന്റായ ജെമിനി പുതിയ ചരിത്രനേട്ടത്തിൽ. ജെമിനിയുടെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നതായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ അറിയിച്ചു. ഗൂഗിളിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ഉപയോക്താക്കളെ തികയ്ക്കുന്ന ഉൽപ്പന്നമായി ജെമിനി മാറിയിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന ഗൂഗിളിന്റെ 14-ാമത് ഉൽപ്പന്നമാണിത്.

കേവലം ടെക്സ്റ്റ് ചാറ്റുകൾക്കപ്പുറം വോയ്സ്, ക്യാമറ, സ്ക്രീൻ ഷെയറിങ് തുടങ്ങിയ ഫീച്ചറുകൾക്കാണ് കൂടുതൽ പ്രചാരം ലഭിക്കുന്നത്. സജീവ ഉപയോക്താക്കളിൽ 63 ശതമാനം പേരും വോയ്സ് കമാൻഡുകളിലൂടെയാണ് ജെമിനിയുമായി സംവദിക്കുന്നത്. പ്രതിദിനം 15 കോടിയിലധികം ചിത്രങ്ങളാണ് ജെമിനി വഴി ഉപയോക്താക്കൾ സൃഷ്ടിക്കുന്നത്. കൂടാതെ, ഐ.ഒ.എസിൽ (iOS) മാത്രം 10 കോടിയിലധികം ഉപയോക്താക്കളുണ്ട്.

കഴിഞ്ഞ ജൂലൈ അവസാനം 95 കോടിയായിരുന്ന പ്രതിമാസ ഉപയോക്താക്കളുടെ എണ്ണമാണ് വളരെ വേഗത്തിൽ 100 കോടിയിലെത്തിയത്. ജൂലൈയിൽ ഓപ്പൺ എ.ഐയും (OpenAI) തങ്ങൾക്ക് 100 കോടി സജീവ ഉപയോക്താക്കളുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ എ.ഐ രംഗത്തെ മത്സരത്തിൽ വലിയ മുന്നേറ്റമാണ് ഗൂഗിൾ കാഴ്ചവെച്ചിരിക്കുന്നത്.