പഞ്ചിന് പിന്തുണയുമായി ഗൂഗിൾ; സെർച്ച് ചെയ്യുന്നവർക്ക് വിസ്മയമൊരുക്കി ടെക് കമ്പനി

 

ലോകത്തിന്റെ ഹൃദയം കീഴടക്കിയ ജാപ്പനീസ് കുരങ്ങൻ കുഞ്ഞ് പഞ്ചിനോടുള്ള സ്നേഹസൂചകമായി ഗൂഗിൾ പ്രത്യേക ഫീച്ചർ അവതരിപ്പിച്ചു. ഗൂഗിളിൽ 'Punch the monkey' എന്ന് തിരയുന്നവർക്ക് സ്ക്രീനിൽ പിങ്ക് ഹൃദയങ്ങൾ നിറയുന്ന മനോഹരമായ ആനിമേഷൻ കാണാൻ സാധിക്കും. പഞ്ചിനെക്കുറിച്ചുള്ള സെർച്ചുകളിൽ ആഗോളതലത്തിൽ ഉണ്ടായ വൻ വർധന കണക്കിലെടുത്താണ് ഗൂഗിളിന്റെ ഈ നടപടി.

കഴിഞ്ഞ വേനലിൽ ജനിച്ച പഞ്ചിനെ അമ്മക്കുരങ്ങ് ഉപേക്ഷിച്ചിരുന്നു. അമ്മയുടെ സംരക്ഷണത്തിന് പകരമായി മൃഗശാല അധികൃതർ നൽകിയ ഒരു ഒറാങ്ങ് ഉട്ടാൻ പാവയെ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ കുഞ്ഞിക്കുരങ്ങൻ ലോകശ്രദ്ധ നേടിയത്. പാവയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പഞ്ചിന്റെ ചിത്രങ്ങൾ അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായാണ് ഇന്റർനെറ്റ് ലോകം ഏറ്റെടുത്തത്.

ഇച്ചികാവ സിറ്റി മൃഗശാലയിലെ പഞ്ചിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ വർധിച്ചതോടെ മൃഗശാലയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും പോലും ആരാധകർ പഞ്ചിനെ കാണാൻ ജപ്പാനിലെത്തുന്നുണ്ട്. ഒരു കുഞ്ഞിക്കുരങ്ങന് ഇത്രയധികം സുഹൃത്തുക്കളെ നേടാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് മൃഗശാല ജീവനക്കാർ പ്രതികരിച്ചു.