ഗൂഗിളിന്റെ പുതിയ എഐ മോഡൽ 'ജെമിനി 4 ആർഗോൺ' പുറത്തിറക്കി
ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ 'ജെമിനി 4 ആർഗോൺ' (Gemini 4 Argon) ആഗോളതലത്തിൽ അവതരിപ്പിച്ചു. ഡെവലപ്പർമാർ, വ്യവസായ സ്ഥാപനങ്ങൾ, യോഗ്യതയുള്ള സബ്സ്ക്രൈബർമാർ എന്നിവർക്കാണ് നിലവിൽ ഇത് ലഭ്യമാവുക. സോഫ്റ്റ്വെയർ എൻജിനീയറിംഗ്, ധനകാര്യം, നിയമം, സൈബർ സെക്യൂരിറ്റി, ശാസ്ത്ര ഗവേഷണം തുടങ്ങി സങ്കീർണ്ണമായ മേഖലകളിലെ ജോലികൾ വേഗത്തിൽ നിർവ്വഹിക്കാൻ ശേഷിയുള്ള രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
യോഗ്യരായ ഉപയോക്താക്കൾക്ക് Gemini API, AI Studio, Google Antigravity എന്നിവയിലൂടെയും, ഗൂഗിൾ എഐ അൾട്രാ-പ്രോ സബ്സ്ക്രൈബർമാർക്ക് Gemini app, AI Mode in Search എന്നിവ വഴി ഇത് ഉപയോഗിക്കാനാകും. ആരംഭ നിരക്കായി 1 ദശലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് 2 ഡോളറും, 1 ദശലക്ഷം ഔട്ട്പുട്ട് ടോക്കണുകൾക്ക് 10 ഡോളറുമാണ് ചാർജ് ചെയ്യുന്നത്. കാഷ് ചെയ്ത ഇൻപുട്ട് ടോക്കണുകൾക്ക് 95% വരെ ഇളവുമുണ്ട്.
വാൾസ് ഇൻഡക്സിൽ (Vals Index) ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഈ മോഡൽ ഉപയോഗിച്ച് കോഡിംഗ് വേഗത്തിലാക്കാനും പിഴവുകൾ കുറയ്ക്കാനും ഗൂഗിളിന് സാധിച്ചിട്ടുണ്ട്. മാസങ്ങൾ നീളുന്ന ക്രോം ടീമിന്റെ പദ്ധതികൾ ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ ആർഗോണിന് സാധിച്ചു. സുരക്ഷയ്ക്കായി കൂടുതൽ മുൻകരുതലുകൾ ഏർപ്പെടുത്തിയതിനൊപ്പം, തെരഞ്ഞെടുക്കപ്പെടുന്ന 10,000 ശാസ്ത്രജ്ഞർക്ക് ആന്റിഗ്രാവിറ്റിയിൽ 6 മാസത്തേക്ക് സൗജന്യ ഉപയോഗവും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.