ഗൂഗിളിന്റെ എ.ഐ രഹസ്യങ്ങൾ ചോർത്തി ചൈനീസ് കമ്പനികൾക്ക് നൽകി; മുൻ എഞ്ചിനീയർക്ക് യു.എസ് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു

 

ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൂപ്പർകമ്പ്യൂട്ടിംഗ് ഡാറ്റാ സെന്ററുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്തി ചൈനീസ് സ്റ്റാർട്ടപ്പുകൾക്ക് നൽകിയ കേസിൽ മുൻ ഗൂഗിൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് യു.എസ് കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു. ചൈനീസ് പൗരനായ ലിൻവെയി ഡിങ് എന്നയാൾക്കാണ് കാലിഫോർണിയൻ കോടതി ശിക്ഷ പാസാക്കിയത്.

ഗൂഗിളിന്റെ വൻകിട എ.ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനുള്ള ഹാർഡ്‌വെയർ ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകൾ, ടി.പി.യു (TPU), ജി.പി.യു (GPU) സംവിധാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അതീവ രഹസ്യ രേഖകളാണ് ഇയാൾ ചോർത്തിയത്. 2022 മേയ് മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ 500-ഓളം രഹസ്യ ഫയലുകൾ ഇയാൾ സ്വന്തം പേഴ്‌സണൽ ഗൂഗിൾ ക്ലൗഡ് അക്കൗണ്ടിലേക്ക് മാറ്റി അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന് കമ്പനി അഭിഭാഷകർ വ്യക്തമാക്കി.

ഗൂഗിളിന്റെ സ്വത്തുക്കൾ ആസൂത്രിതമായി ചോർത്താൻ നടത്തിയ ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് കോടതി നിരീക്ഷിച്ചു. ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് പുറമേ, 1,89,000 ഡോളറിലധികം (ഏകദേശം 1.5 കോടിയിലധികം രൂപ) പിഴയടക്കാനും ശിക്ഷ പൂർത്തിയായ ശേഷമുള്ള രണ്ടു വർഷം ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണത്തിൽ കഴിയാനും കോടതി ഉത്തരവിട്ടു. ചൈനയും അമേരിക്കയും തമ്മിലുള്ള സാങ്കേതിക പോരാട്ടം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടന്ന ഈ സംഭവം ആഗോള ടെക് മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.