ഗൂഗിളിന്റെ 'ജെമിനി സ്പാർക്ക്' ഇന്ത്യയിൽ അവതരിപ്പിച്ചു
ഉപയോക്താക്കളുടെ ദൈനംദിന ഡിജിറ്റൽ ജോലികൾ പൂർത്തിയാക്കാൻ പ്രാപ്തിയുള്ള ഏറ്റവും പുതിയ എ.ഐ. ഏജന്റായ 'ജെമിനി സ്പാർക്ക്' ഗൂഗിൾ ഇന്ത്യയിൽ പുറത്തിറക്കി. മേയ് മാസത്തിൽ നടന്ന ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ പ്രഖ്യാപിച്ച ഈ സേവനം, 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിഗത എ.ഐ. അസിസ്റ്റന്റാണ്. ജെമിനി 3.5 കരുത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ആപ്പുകളിലെ വിവരങ്ങൾ വിശകലനം ചെയ്ത് ഉപയോക്താക്കൾ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സ്വയം പ്രവർത്തിക്കാൻ കഴിയും.
ഫോൺ സ്ക്രീൻ ഓഫാക്കിയാലും ലാപ്‌ടോപ് അടച്ചു വെച്ചാലും പശ്ചാത്തലത്തിൽ ഇതിന്റെ പ്രവർത്തനം തടസ്സമില്ലാതെ തുടരും എന്നതാണ് മറ്റ് ചാറ്റ്‌ബോട്ടുകളിൽ നിന്നുള്ള പ്രധാന വ്യത്യാസം. അതേസമയം ഇമെയിലുകൾ അയക്കുക, ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുക തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായി ഉപയോക്താവിന്റെ പ്രത്യേക അനുമതി ചോദിക്കും.
നിലവിൽ ഇന്ത്യയിൽ ഗൂഗിൾ എ.ഐ. പ്രോ, എ.ഐ. അൾട്രാ സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. പ്രോ പ്ലാനിന് പ്രതിമാസം 1,950 രൂപ മുതലും അൾട്രാ പ്ലാനിന് 6,500 രൂപ മുതലുമാണ് നിരക്ക്.