ജിടിഎ 6: ആവേശത്തിനൊപ്പം അതിതീവ്ര അക്രമരംഗങ്ങളും; കുട്ടികളെ അകറ്റിനിർത്തണമെന്ന് മുന്നറിയിപ്പ്, വലിയ ചർച്ചകൾ

 

ഗെയിമിംഗ് പ്രേമികളുടെ പതിമൂന്ന് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ ഗെയിംസിന്റെ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (ജിടിഎ 6) ലോകമെമ്പാടും വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലടക്കം ഗെയിമർമാർ പുതിയ പതിപ്പിനെ ആഘോഷിക്കുമ്പോഴും, ഗെയിമിലെ അതിതീവ്ര അക്രമരംഗങ്ങളെ ചൊല്ലി രൂക്ഷമായ വിമർശനങ്ങളും വലിയ സംവാദങ്ങളുമാണ് ഉയർന്നുവരുന്നത്. വീഡിയോ ഗെയിമുകളിലെ അക്രമസ്വഭാവവും കുട്ടികൾ ഇത്തരം ഉള്ളടക്കങ്ങളുമായി ഇടപഴകുന്നതിന്റെ പ്രത്യാഘാതങ്ങളും രക്ഷിതാക്കൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമിടയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഓൺലൈനിൽ പ്രചരിക്കുന്ന ജിടിഎ 6 ഗെയിംപ്ലേ ക്ലിപ്പുകളാണ് കുട്ടികൾ ഈ ഗെയിം കളിക്കുന്നതിന്റെ ഔചിത്വത്തെക്കുറിച്ചുള്ള തർക്കങ്ങൾക്ക് തിരികൊളുത്തിയത്.

യൂട്യൂബർ ധ്രുവ് റാഠി ഉൾപ്പെടെയുള്ള പ്രമുഖർ ഗെയിമിലെ അക്രമരംഗങ്ങൾക്കെതിരെ ആശങ്ക പ്രകടിപ്പിച്ചതോടെ ചർച്ചകൾ കൂടുതൽ ചൂടുപിടിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന ഗെയിംപ്ലേ ക്ലിപ്പുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അക്രമങ്ങളെക്കുറിച്ച് വെള്ളിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്. തെരുവിലൂടെ നടന്നുപോകുന്ന സ്ത്രീയുടെ അടുത്തേക്ക് ഓടിച്ചെന്ന് നിലത്തേക്ക് തള്ളിയിട്ട് മുഖത്തടിക്കുകയും, പിന്നീട് തോക്കെടുത്ത് 24 തവണ വെടിവെച്ച ശേഷം ഫോണിൽ സ്വയം ചിത്രീകരിച്ച് അഭിമാനത്തോടെ പോസ് ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

ജിടിഎ 6 ഗെയിമിൽ നിന്ന് കുട്ടികളെ കർശനമായി അകറ്റി നിർത്തണമെന്നും, ഈ നിലവാരത്തിലുള്ള അക്രമവും ക്രൂരതയും ഒരു തമാശയല്ലെന്നും ധ്രുവ് റാഠി മുന്നറിയിപ്പ് നൽകി. ഇത്തരം ദൃശ്യങ്ങൾ ക്രൂരമായ അക്രമത്തെയും സ്ത്രീകളെ കേവലം ഉപഭോഗവസ്തുക്കളായി കാണുന്നതിനെയും സാധാരണവൽക്കരിക്കുകയും സമൂഹത്തിൽ കൂടുതൽ സൈക്കോപാത്തുകളെ സൃഷ്ടിക്കുകയും മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കുറിച്ചു. ഗെയിം കളിക്കുന്നവരിലും ലൈവ് സ്ട്രീമുകൾ കാണുന്നവരിലും ഭൂരിഭാഗവും കുട്ടികളാണെന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്റർടൈൻമെന്റ് സോഫ്റ്റ്‌വെയർ റേറ്റിംഗ് ബോർഡ് (ഇ.എസ്.ആർ.ബി) ജിടിഎ 6-ന് 'എം' (M) റേറ്റിംഗാണ് നൽകിയിരിക്കുന്നതെങ്കിലും, ഗെയിമിലെ അതിതീവ്ര അക്രമരംഗങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും സ്വഭാവത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. ധ്രുവ് റാഠിയുടെ കുറിപ്പിന് താഴെ രക്ഷിതാക്കളുടെ ആശങ്കകളും ഗെയിം പ്രേമികളുടെ ന്യായീകരണങ്ങളും വിശദീകരണങ്ങളുമടക്കം നിരവധി പ്രതികരണങ്ങളാണ് നിറയുന്നത്. 1997-ൽ സ്കോട്ട്ലൻഡിലെ ഡി.എം.എ ഡിസൈൻ വികസിപ്പിച്ചെടുത്ത ജിടിഎ ഇന്ന് ലോകത്തെ ഏറ്റവും ജനപ്രിയമായ ഓപ്പൺ വേൾഡ് വീഡിയോ ഗെയിം പരമ്പരകളിൽ ഒന്നാണ്. നിലവിൽ അമേരിക്കൻ കമ്പനിയായ റോക്ക്സ്റ്റാർ ഗെയിംസാണ് ഇതിന്റെ പ്രസാധകർ.