Hi, check this photo; ഈ വാട്‌സ്ആപ്പ് സന്ദേശം നിങ്ങളെ ചതിയിലകപ്പെടുത്താം; ജാഗ്രതാ നിർദ്ദേശവുമായി സെർട്ട്-ഇൻ

 

വാട്‌സ്ആപ്പിന്റെ 'ഡിവൈസ് ലിങ്കിങ്' ഫീച്ചർ ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് സെർട്ട്-ഇൻ നിർദ്ദേശിച്ചു. പാസ്‌വേഡോ സിം കാർഡോ ഇല്ലാതെ തന്നെ അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കുന്ന സുരക്ഷാ ഭീഷണിയാണിത്.

നമുക്ക് പരിചയമുള്ള ആളുകളുടെ നമ്പറിൽ നിന്നെന്ന വ്യാജേന 'Hi, check this photo' എന്ന സന്ദേശമാകും ആദ്യം ലഭിക്കുക. ഇതിനൊപ്പം ഒരു ഫെയ്‌സ്ബുക്ക് ലിങ്ക് എന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റ് അഡ്രസും ഉണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ ഫെയ്‌സ്ബുക്ക് പേജിലേക്കാകും എത്തുക. അവിടെയുള്ള ഉള്ളടക്കം കാണുന്നതിനായി ഫോൺ നമ്പർ നൽകി വെരിഫൈ ചെയ്യാൻ ആവശ്യപ്പെടും.

ഉപയോക്താവ് ഫോൺ നമ്പർ നൽകുന്നതോടെ, വാട്‌സ്ആപ്പിന്റെ ഡിവൈസ് ലിങ്കിങ് കോഡ് ജനറേറ്റ് ചെയ്യപ്പെടുകയും ഹാക്കർമാർ അത് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് അവരുടെ കമ്പ്യൂട്ടറിലോ മറ്റ് ഉപകരണങ്ങളിലോ ലിങ്ക് ചെയ്യുകയും ചെയ്യുന്നു. ഇതോടെ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും ഫോട്ടോകളും വീഡിയോകളും കാണാനും ഹാക്കർമാർക്ക് സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • സുഹൃത്തുക്കളോ ബന്ധുക്കളോ അയക്കുന്നതാണെങ്കിൽ പോലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
  • വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സൈറ്റുകൾ എന്ന് അവകാശപ്പെടുന്ന ലിങ്കുകളിൽ പോയി നിങ്ങളുടെ ഫോൺ നമ്പർ നൽകരുത്.
  • വാട്‌സ്ആപ്പ് സെറ്റിങ്‌സിലെ 'Linked Devices' ഇടയ്ക്കിടെ പരിശോധിക്കുകയും നിങ്ങൾക്ക് പരിചയമില്ലാത്ത ലോഗിൻ സെഷനുകൾ ഉണ്ടെങ്കിൽ ഉടൻ 'Log out' ചെയ്യുകയും ചെയ്യുക.
  • വാട്‌സ്ആപ്പിൽ 'Two-step verification' എനേബിൾ ചെയ്യുന്നത് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.