കോളജ് വിദ്യാർഥികൾക്ക് വൻ ആനുകൂല്യങ്ങൾ; സൗജന്യ ഗൂഗിൾ എ.ഐ പ്ലാനും കുറഞ്ഞ നിരക്കിൽ സ്ട്രീമിങ് സേവനങ്ങളും
സാധുവായ കോളജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് ഉള്ള വിദ്യാർഥികൾക്കായി പ്രമുഖ ടെക് കമ്പനികളും സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമുകളും വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള യോഗ്യരായ സർവകലാശാല വിദ്യാർഥികൾക്ക് ഗൂഗിളിന്റെ 'എ.ഐ പ്ലസ്' ഒരു വർഷത്തേക്ക് പൂർണമായും സൗജന്യമായി ലഭിക്കും. ഉയർന്ന ജെമിനി ഉപയോഗ പരിധികൾ, 400 ജി.ബി ക്ലൗഡ് സ്റ്റോറേജ്, ജെമിനി ഒമ്നി ആക്സസ് എന്നിവ ഉൾപ്പെടുന്ന ഈ ആനുകൂല്യം 2026 ഡിസംബർ 31 വരെ അപ്ലൈ ചെയ്യാം.
വിനോദ മേഖലയിലും വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകൾ ലഭ്യമാണ്. സ്പോട്ടിഫൈ പ്രീമിയം, ആപ്പിൾ മ്യൂസിക് എന്നിവ പ്രതിമാസം 69 രൂപ നിരക്കിൽ സ്റ്റുഡന്റ് പ്ലാനുകൾ നൽകുന്നുണ്ട്. ആപ്പിൾ മ്യൂസിക് പ്ലാനോടൊപ്പം സൗജന്യമായി ആപ്പിൾ ടിവിയും ലഭ്യമാകും. യൂട്യൂബും സമാനമായ രീതിയിൽ SheerID വഴി വെരിഫൈ ചെയ്യുന്ന വിദ്യാർഥികൾക്കായി സ്റ്റുഡന്റ് മെമ്പർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.