'ഹെൽപ്' എന്ന് മൂന്നുതവണ ഉറക്കെ പറഞ്ഞാൽ രക്ഷകനാകും; പുതിയ വോയ്‌സ് SOS ഫീച്ചറുമായി ഗൂഗിൾ
ആൻഡ്രോയിഡ് ഫോണുകളിൽ കൈകൾ ഉപയോഗിക്കാതെ തനിയെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന പുതിയ 'വോയ്‌സ്-ആക്റ്റിവേറ്റഡ് എമർജൻസി SOS' (Voice-Activated Emergency SOS) ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. നിലവിൽ പവർ ബട്ടൺ തുടർച്ചയായി അഞ്ച് തവണ അമർത്തുമ്പോഴാണ് എമർജൻസി അലേർട്ട് സിസ്റ്റം പ്രവർത്തിക്കുന്നതെങ്കിൽ, പുതിയ ഫീച്ചറിലൂടെ ഫോണിൽ തൊടാതെ തന്നെ അടിയന്തര സഹായങ്ങൾ തേടാനാകും. ഗൂഗിളിന്റെ 'പെഴ്സണൽ സേഫ്റ്റി' (Personal Safety) ആപ്പിന്റെ കോഡുകളിൽ നിന്നാണ് ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
സഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങളിൽ ഉപയോക്താവ് "Help" എന്ന് മൂന്ന് തവണ ഉറക്കെ പറഞ്ഞാൽ ഈ സിസ്റ്റം സ്വയം സജീവമാകും. തുടർന്ന് ഫോൺ ലൊക്കേഷൻ പരിശോധിക്കുകയും, വോയ്‌സ് റെക്കോർഡിങ് ആരംഭിക്കുകയും, എമർജൻസി നമ്പറുകളിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യും. അബദ്ധത്തിൽ ആക്റ്റിവേറ്റ് ആയാൽ "Cancel" എന്നും, തുടരാൻ "Yes" എന്നും പറഞ്ഞ് നിയന്ത്രിക്കാനാകും. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ഫീച്ചർ പെഴ്സണൽ സേഫ്റ്റി ആപ്പ് പിന്തുണയ്ക്കുന്ന പിക്സൽ ഉൾപ്പെടെയുള്ള പ്രമുഖ ആൻഡ്രോയിഡ് ഫോണുകളിൽ വൈകാതെ ലഭ്യമായേക്കും.