ഇൻസ്റ്റഗ്രാമിൽ 'സെർച്ച്' ചെയ്താൽ പിടിവീഴും; ആത്മഹത്യാ പ്രവണതയുള്ള തിരച്ചിലുകൾ രക്ഷിതാക്കളെ അറിയിക്കും
ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാർ ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വാക്കുകൾ ആവർത്തിച്ച് തിരഞ്ഞാൽ രക്ഷിതാക്കൾക്ക് ഇനി മുതൽ മുന്നറിയിപ്പ് ലഭിക്കും. 2026 ഫെബ്രുവരി 26-നാണ് മെറ്റ ഈ പുതിയ സുരക്ഷാ മാറ്റം പ്രഖ്യാപിച്ചത്. ഇത്തരം അപകടകരമായ ഉള്ളടക്കങ്ങൾക്കായി തിരയുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഉടൻ വിവരമറിയിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇൻസ്റ്റഗ്രാമിലെ 'പേരന്റൽ സൂപ്പർവിഷൻ' (Parental Supervision) ടൂളുകൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾക്കാണ് ഈ സേവനം ലഭ്യമാകുക. ഇ-മെയിൽ, ടെക്സ്റ്റ് മെസേജ്, വാട്‌സാപ്പ് എന്നിവ വഴിയും ഇൻസ്റ്റഗ്രാം ആപ്പ് വഴിയും കുട്ടികളുടെ സെർച്ച് ഹിസ്റ്ററിയിലെ അപകടസാധ്യതകൾ രക്ഷിതാക്കളെ അറിയിക്കും. ആത്മഹത്യയോ സ്വയം അപകടപ്പെടുത്തലോ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുമ്പോഴാണ് ഈ അലേർട്ടുകൾ പ്രവർത്തിക്കുക. കുട്ടികളെ മാനസിക പ്രയാസങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കുന്ന വിദഗ്ധരുടെ സേവനവും ഇതിനൊപ്പം ലഭ്യമാക്കും.
നിലവിൽ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരയുന്നത് ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും, ആവർത്തിച്ചുള്ള ശ്രമങ്ങൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് ഇതാദ്യമായാണ്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ അടുത്ത ആഴ്ചകളിൽ തന്നെ ഈ സംവിധാനം നിലവിൽ വരും. ഈ വർഷം അവസാനത്തോടെ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ഇത് നടപ്പിലാക്കും. കൂടാതെ, മെറ്റയുടെ എഐ (AI) ചാറ്റ്ബോട്ടുമായി നടത്തുന്ന ഇത്തരം സംഭാഷണങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം അണിയറയിൽ ഒരുങ്ങുന്നുണ്ട്.