പച്ചപുതച്ച ഇന്ത്യ; ഭൂമിയുടെ വിസ്മയ ചിത്രം പകർത്തി റഷ്യൻ ഉപഗ്രഹം
ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ അതിമനോഹരമായ ചിത്രം പുറത്തുവിട്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ്. ഏജൻസിയുടെ 'ഇലക്ട്രോ-എൽ' (Electro-L) എന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകർത്തിയ ചിത്രത്തിൽ പച്ചപ്പ് പുതച്ചുനിൽക്കുന്ന ഇന്ത്യയുടെ ദൃശ്യം വ്യക്തമായി കാണാം. ഭൂമധ്യരേഖയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.
ഭൂമിയെ സദാസമയവും നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ഉപഗ്രഹം ഒരു നിശ്ചിത ബിന്ദുവിൽ നിന്നാണ് ഭ്രമണം ചെയ്യുന്നത്. ഒരേസമയം ഒന്നിലധികം തരം പ്രകാശതരംഗങ്ങളെ പകർത്താൻ കഴിയുന്ന 'മൾട്ടിസ്പെക്ട്രൽ സ്കാനിങ്' ഉപകരണമാണ് ഈ ചിത്രമെടുക്കാൻ ഉപയോഗിച്ചത്. ഇന്ത്യൻ മഹാസമുദ്രം, യുറേഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ ഈ ഉപഗ്രഹം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത പ്രകാശതരംഗങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ള ഈ ഉപഗ്രഹത്തിന് ഭൂമിയിലെ ചൂട്, ഈർപ്പം, മേഘങ്ങളുടെ ചലനം എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും. ഒരു പിക്സലിന് ഒന്നുമുതൽ നാല് കിലോമീറ്റർ വരെ റെസല്യൂഷൻ ഉള്ളതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. റഷ്യയുടെ കാലാവസ്ഥാ പ്രവചനങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനും ഈ ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നിലവിൽ രഹസ്യ സൈനിക സംവിധാനങ്ങൾ ഉൾപ്പെടെ 1559 സജീവ ഉപഗ്രഹങ്ങളാണ് റഷ്യക്ക് ബഹിരാകാശത്തുള്ളത്.